Latest News

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര: അഞ്ച് പ്രതികള്‍ക്കു വധശിക്ഷ



മുംബൈ:[www.malabarflash.com] മുംബൈ: ഏഴുമലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006ലെ മുംബൈ തീവണ്ടി സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന്‍ ഡി.ഷിന്‍ഡെയാണ് ശിക്ഷ വിധിച്ചത്. ഏഴ് പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

മുഹമ്മദ് ഫൈസല്‍ ശൈഖ്(36), ആസിഫ് ഖാന്‍(38), കമല്‍ അഹമ്മദ് അന്‍സാരി(37), എസ്താഷം സിദ്ദിഖി(30), നവീദ് ഹുസൈന്‍ ഖാന്‍(30) എന്നിവര്‍ക്കാണ് വധശിക്ഷ. തന്‍വീര്‍ അഹമ്മദ് അന്‍സാരി(37), മുഹമ്മദ് മജീദ് ഷാഫി(32), ശൈഖ് അലം ഷെയ്ക്ക്(41), മുഹമ്മദ് സാജിദ് അന്‍സാരി(34), മുസാമില്‍ ശൈഖ്(27), സൊഹൈല്‍ മുഹമ്മദ് ഷെയ്ക്(43), സമീര്‍ അഹമ്മദ് ശൈഖ്(36) എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഒന്പതുവര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമകോടതി (മകോക്ക) ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റൊരു പ്രതിയായ അബ്ദുള്‍ വാഹിദ് ശൈഖിനെ (34) കോടതി വെറുതെവിട്ടു.


ട്രെയിനില്‍ ബോംബ് സ്ഥാപിച്ചവരാണ് വധശിക്ഷ ലഭിച്ച ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. നിരോധിതസംഘടനയായ 'സിമി'യിലെ അംഗങ്ങളാണ് മുഴുവന്‍ പ്രതികളും. 2014 ആഗസ്ത് 19ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. പ്രതികള്‍ ചെയ്ത കുറ്റം അപൂര്‍വങ്ങളില്‍അപൂര്‍വമാണെന്നും ഇവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

പ്രതികളെന്ന് സംശയിക്കുന്ന 15 പേരെ ഇനിയും പിടികിട്ടിയിട്ടില്ല. ഇവരില്‍ ഒന്‍പത്‌പേര്‍ പാകിസ്താനികളും ആറുപേര്‍ ഇന്ത്യക്കാരുമാണ്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഇന്ത്യയിലെ തലവന്‍ അസം ചീമ, അസ്ലം, ഹാഫിസുല്ല, സാബിര്‍, അബൂബക്കര്‍, കസം അലി, അമ്മു ജാന്‍, ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള പാക് പൗരന്മാര്‍. ഇന്ത്യക്കാരായ റിസ്വാന്‍ ദാവ്രെ, റാഹില്‍ ഷെയ്ഖ്, അബ്ദുല്‍റസാഖ്, സൊഹെയ്ല്‍ ഷെയ്ഖ്, ഹഫീസ് സുബെര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവരെയും കണ്ടെത്താനായിട്ടില്ല.

ഇന്ത്യന്‍ ശിക്ഷാനിയമം, സ്‌ഫോടകവസ്തു നിയമം, പൊതുസ്വത്ത് നശിപ്പിക്കല്‍, റെയില്‍വേ നിയമം, മകോക്ക എന്നീ നിയമങ്ങള്‍പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധസേന 28 പ്രതികള്‍ക്കെതിരെ 10,667 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കെ.പി. രഘുവംശി മേധാവിയായിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


വിചാരണ നടക്കുന്നതിനിടെ, 22 ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. സംഘടനയുടെ സഹസ്ഥാപകന്‍ സാദിഖ് ശൈഖ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റു ചെയ്തത്. എന്നാല്‍ കേസന്വേഷിച്ച ഭീകരവിരുദ്ധസേന ഇവര്‍ക്ക് പങ്കില്ലെന്ന നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് കോടതി ഇവരെ പിന്നീട് വിട്ടയച്ചു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.