Latest News

ഉദുമ പഞ്ചായത്തിലെ നികുതിപ്പണം തട്ടിപ്പ്: പഞ്ചായത്ത് ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചതായി ഭരണ സമിതി

ഉദുമ[www.malabarflash.com]: ഉദുമ പഞ്ചായത്തില്‍നിന്നും രണ്ട് രസീത് ബുക്ക് ഉപയോഗിച്ച് 2,60,000 ത്തോളം രൂപ നികുതിപ്പണം തട്ടിയ സംഭവത്തില്‍ പഞ്ചായത്ത് ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനും ക്ലര്‍ക്ക് ഉദുമ പഞ്ചായത്തില്‍ ജോലിയില്‍ പ്രവേശിച്ചതുമുതല്‍ ഇതുവരെ നടത്തിയ മുഴുവന്‍ ഇടപാടുകളും ഫയലുകളും പരിശോധിക്കുന്നതിനും പ്രത്യേക അന്വേഷണത്തിനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോട് ശുപാര്‍ശചൈയ്തതായി പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പഞ്ചായത്ത് ക്ലര്‍ക്ക് കെ.പി. വിനോദ് കൃഷ്ണനാണ് 9752, 9757 എന്നീ രസീത് ബുക്കുകള്‍ ഉപയോഗിച്ച് വസ്തുനികുതി പിരിച്ച് പണം കൈക്കലാക്കിയത്. നികുതി പിരിച്ചപണം ഓഫീസില്‍ അടക്കുന്നതില്‍ വീഴചവരുത്തിയതായും കാര്‍ബണ്‍ ഉപയോഗിക്കാതേയും മറ്റുമായി രസീതി മുറിച്ചുനല്‍കി ഗ്രാമപഞ്ചായത്തിന്റെ വ്‌സ്തു നികുതിയില്‍ വന്‍തിരിമറിയും ക്രമക്കേടും വെട്ടിപ്പും നടത്തിയതായി ഭരണസമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചേര്‍ന്ന അടിയന്തിര ഭരണ സമിതിയോഗം ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്യാനും അന്വേഷണം നടത്താനും ശുപാര്‍ശചെയ്തത്.

2014 - 15 വര്‍ഷത്തില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ നടന്ന പെര്‍ഫോമന്‍സ് ഓഡിറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധന സമയത്ത് എക്‌സിറ്റ് മീറ്റിംഗ് നടത്താത്തത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന കാര്യവും ഐക്യകണ്‌ഠേന തീരുമാനിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മുന്‍ സെക്രട്ടറിയാണ് രസീതി ബുക്ക് ക്ലര്‍ക്കിനെ ഏല്‍പിച്ചത്. ഒരുമാസം മുമ്പ് പുതിയ സെക്രട്ടറി ചുമതല ഏറ്റെടുത്തപ്പോള്‍ അക്കാര്യം അറിയിച്ചില്ലെന്നാണ് വ്യക്തമായിട്ടുള്ളതെന്നും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പറയുന്നു. ഒരാഴ്ചയോളമായി പഞ്ചായത്തില്‍നിന്നും രണ്ട് രസീതി ബുക്കുകള്‍ കാണാനില്ലെന്ന കാര്യം ജീവനക്കാര്‍ക്കിടയില്‍നിന്നും ഉയര്‍ന്നിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

സെപ്തംബര്‍ 19ന് ചേര്‍ന്ന ഭരണസമിതിയോഗത്തിലാണ് സെക്രട്ടറി രണ്ട് രസീതി ബുക്കുകള്‍ കാണാനില്ലെന്ന കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് ക്ലര്‍ക്കില്‍നിന്നും വിശദീകരണം ആരാഞ്ഞെങ്കിലും തനിക്കെതിരെ പഞ്ചായത്തിലെ ചില ജീവനക്കാര്‍ അപവാദം പറഞ്ഞു പരത്തുകയാണെന്നാണ് വിനോദ് അറിയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനിടയില്‍ കാണാതായ രസീത് ബുക്കിലെ ഒരു രസീതുമായി ഒരാള്‍ പഞ്ചായത്തില്‍ ചില കാര്യങ്ങള്‍ക്കായി എത്തിയപ്പോള്‍ ഫ്രണ്ട് ഓഫീസിലുണ്ടായിരുന്ന ജീവനക്കാര്‍ ഇതിന്റെ കോപ്പിയെടുത്ത് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.

പിന്നീട് വിനോദിന്റെ സാന്നിധ്യത്തില്‍ 22ന് സെക്രട്ടറിയും പ്രസിഡന്റും സംസാരിച്ചപ്പോള്‍ തന്റെ കയ്യക്ഷരമാണ് ഇതിലുള്ളതെന്ന് വിനോദ് സമ്മതിച്ചു. രസീതി ബുക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സാവകാശം ആവശ്യപ്പെടുകയായിരുന്നു. പിറ്റേദിവസവും ഹാജരാക്കാതിരുന്നപ്പോഴാണ് സെക്രട്ടറി ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ക്ലര്‍ക്കിനെ വിളിച്ചുവരുത്തിയപ്പോഴാണ് നഷ്ടപ്പെട്ടുവെന്ന് പറയുന്ന രസീതി ബുക്കുകള്‍ ഹാജരാക്കിയത്. പരിശോധിച്ചപ്പോള്‍ 2,60,000 ത്തോളം രൂപ തട്ടിയെടുത്തതായി വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച അടിയന്തിര ഭരണസമിതിയോഗം വിളിച്ചുചേര്‍ത്തത്. യൂത്ത് കോണ്‍ഗ്രസിന്റേയും യൂത്ത് ലീഗിന്റേയും ഉപരോധംകാരണം പഞ്ചായത്ത് പ്രസിഡന്റിനും മറ്റും ഉച്ചവരെ ഓഫീസിലേക്ക് കയറാന്‍ കഴിഞ്ഞില്ല. പിന്നീട് ചര്‍ച്ചയെതുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്.

അതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് വിനോദ് പഞ്ചായത്ത് ഓഫീസിലെത്തി ഹാജര്‍ ബുക്കില്‍ ഒപ്പ് വെക്കുകയും ചെയ്തിരുന്നു. പുതിയ ജൂനിയര്‍ സുപ്രണ്ടിന് വിനോദിനെ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞതെന്നും പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വിനോദ് തട്ടിയെടുത്ത പണം പഞ്ചായത്തിലടക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നകാര്യവും പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തി. വിനോദിനെ പിന്നീട് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റുചെയ്തതായും പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, മെമ്പര്‍മാരായ കെ. അബ്ബാസലി ആസിഫ്, ആഇശാബി, എം. പ്രമീള എന്നിവരും സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.