Latest News

സിപിഎം തളരുമ്പോള്‍ ബിജെപി വളരുന്നത് ആശങ്കാജനകം: രമേശ് ചെന്നിത്തല

കോഴിക്കോട്:[www.malabarflash.com] സിപിഎം തകരുമ്പോള്‍ ബിജെപി വളരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിപിഎം ഇല്ലാതാകുന്നതില്‍ സന്തോഷിക്കുന്ന ആളല്ല താന്‍. രോഗം അറിഞ്ഞു ശുശ്രൂഷിക്കാന്‍ ആ പാര്‍ട്ടിക്കു കഴിയാത്തതില്‍ സങ്കടമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടി 'പഞ്ചായത്ത് 2015'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലക്കേസ് പ്രതികളെ ജയിലില്‍ നിന്നു പോലും കൊണ്ടുവന്നു മല്‍സരിപ്പിക്കുന്ന സിപിഎം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംസ്‌കാരമാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കുറ്റവാളികള്‍ക്കു സീറ്റ് കൊടുത്തിനെക്കുറിച്ചു വി.എസ് അച്യുതാനന്ദന്റെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം കുറ്റവാളികളുടെ പാര്‍ട്ടി ആയെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അക്രമ രാഷ്ട്രീയത്തിനുള്ള പച്ചക്കൊടിയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പ്രാദേശിക ഭരണ സംവിധാനത്തോടു ജനങ്ങള്‍ക്കു കൂടുതല്‍ താല്‍പര്യമുള്ളതു കൊണ്ടാണ് തദ്ദേശ തിര!ഞ്ഞെടുപ്പില്‍ ഒരുപാട് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുന്നത്. അതിനെ നല്ലതായാണു കാണുന്നത്. പഞ്ചായത്ത് ഭരണത്തില്‍ പങ്കാളികള്‍ ആകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍, പാര്‍ട്ടി അച്ചടക്ക നടപടി എടുത്ത റിബലുകള്‍ ജയിച്ചു വന്നാല്‍ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

എസ്എന്‍ഡിപി – ആര്‍എസ്എസ് കൂട്ടുകെട്ടു സംബന്ധിച്ചു യുഡിഎഫിലെ ചര്‍ച്ച ഉമ്മന്‍ ചാണ്ടി തടഞ്ഞെന്ന പിണറായി വിജയന്റെ പ്രസ്താവന നുണ പ്രചാരണത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മതേതരത്വ നിലപാടിനു പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കാര്യങ്ങള്‍ പിണറായി വിജയന്‍ തീരുമാനിക്കേണ്ട. യുഡിഎഫില്‍ നടന്നതൊക്കെ അദ്ദേഹം എങ്ങനെയാണ് അറിഞ്ഞത്.

സിപിഎമ്മില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞു ബിജെപിയില്‍ ചേരുന്നതിനു കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനും എതിരായ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. മതേതര സംവിധാനത്തെ തീര്‍ത്തും ദുര്‍ബലമാക്കാനാണു ബിജെപി – ആര്‍എസ്എസ് കൂട്ടുകെട്ടു ശ്രമിക്കുന്നത്.

പ്രധാനമന്ത്രി സംഘ പരിവാറിന്റെ തടവറയിലാണ്. ഹിന്ദു മഹാസഭ ഗോഡ്‌സെ ദിനം ആചരിക്കാന്‍ തീരുമാനിച്ചതു രാജ്യത്തോടുള്ള വെല്ലുവിളിയാണ്. ഈ ശക്തികളാണു കേരളത്തില്‍ ജാതി – വര്‍ഗീയ സംഘടനകളുടെ കൂട്ടുപിടിച്ചു വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. മൂന്നാം മുന്നണി എന്നതു കേരളത്തില്‍ വേരു പിടിക്കാന്‍ പോകുന്നില്ല. മൂന്നാം മുന്നണിക്കു രാഷ്ട്രീയ പ്രസക്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.