Latest News

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കളമശേരി:[www.malabarflash.com] ഇടപ്പള്ളിയില്‍ യുവ ഫര്‍ണിച്ചര്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു.

കാസര്‍കോട് കുമ്പള ആരിക്കാടി കുന്നിന്‍കരയില്‍ മൊയ്തീന്‍ (45), ബദിയടുക്ക അര്‍പ്പണനിലയം ഓളമ്മാര വീട്ടില്‍ അനില്‍കുമാര്‍ (കുട്ടന്‍–30), ഒന്നാംപ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ കണ്ണൂര്‍ എടക്കോ ചപ്പിന്റകത്തു വീട്ടില്‍ ഫാത്തിമത്ത് ഫസീല (ഫാത്തിമ–24) എന്നിവരാണു പിടിയിലായത്.

ഒന്നാം പ്രതി മുഹമ്മദ് നിസാമടക്കം ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളായ മൊയ്തീനും ഫാത്തിമയും അനില്‍കുമാറും ഒളിവിലായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ മൊയ്തീന്‍ മുന്‍പ് കുമ്പള പൊലീസ് സ്‌റ്റേഷനില്‍ കൊലക്കേസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനില്‍കുമാര്‍ മോഷണക്കേസ് പ്രതിയാണ്.

ഇടപ്പള്ളിയിലെ ഫര്‍ണിച്ചര്‍ ഷോപ്പുടമ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഫാത്തിമ ഇടപ്പള്ളിയില്‍ നിന്ന് മട്ടാഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്താന്‍ വാഹന സഹായം ആവശ്യപ്പെട്ടു കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ഫാത്തിമയെ എത്തിച്ചു തിരിച്ചുപോരാനിറങ്ങിയ ഫിറോസിനെ പ്രതികള്‍ കാറില്‍ നിന്നു വിളിച്ചിറക്കി ഫാത്തിമയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തൃക്കാക്കര അസി. പൊലീസ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സിഐ സി.ജെ. മാര്‍ട്ടിന്‍, അഡീഷനല്‍ എസ്‌ഐ ദിപു, എഎസ്‌ഐ ഇബ്രാഹിം ഷുക്കൂര്‍, സിപിഒമാരായ എല്‍ദോസ്, ശ്രീജി, രതീഷ്, സിജു എന്നിവരും ഉണ്ടായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.