Latest News

ചെറുവത്തൂര്‍ ബാങ്ക് കൊള്ള; ബേര്‍ക്കയിലെ പൊട്ടക്കിണറ്റില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തു

ചെര്‍ക്കള: [www.malabarflash.com] ചെറുവത്തൂര്‍ വിജയബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം കണ്ടെത്തി. ചെങ്കള പഞ്ചായത്തിലെ ബേര്‍ക്കയ്ക്ക് സമീപം റഹ്മത്ത് നഗറിലെ പൊട്ടക്കിണറ്റില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശനിയാഴ്ച്ച വൈകുന്നേരം ചെര്‍ക്കളയിലെത്തി സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു.

കവര്‍ച്ച നടന്ന ബാങ്കിന്റെ താഴത്തെ കടമുറി വാടകയ്‌ക്കെടുത്തത് കുടക് സ്വദേശിയാണെന്ന് അന്വേഷണസംഘം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാലുദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് മുഖ്യപ്രതി പിടിയിലായത്.

അതേസമയം, കവര്‍ച്ചയ്ക്കുള്ള രണ്ടാം ശ്രമമാണ് വിജയത്തിലെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ച നടത്താനുള്ള ആദ്യശ്രമം ശനിയാഴ്ച രാവിലെയായിരുന്നു.
ഈ സമയം അലാം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ചു സംഘം പുറത്തേക്കു പോവുകയായിരുന്നുവെന്നാണ് നിഗമനം. തിരിച്ചെത്തി വീണ്ടും സ്‌ട്രോങ് മുറിയിലേക്കു കയറിയ മോഷ്ടാക്കള്‍ ആദ്യം തന്നെ അലാം നശിപ്പിക്കുകയായിരുന്നുവത്രെ. ആദ്യശ്രമം ഉപേക്ഷിച്ചു മടങ്ങിയ സംഘത്തിന്റെ കയ്യില്‍ തന്നെയായിരുന്നു ഗോള്‍ഡ് സേഫിന്റെ താക്കോല്‍.

ഇതിനിടെ, ശനിയാഴ്ച രാവിലെ കടമുറിയില്‍ നിന്നു പുറത്തേക്കു പോകുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ പുറത്തേക്കു കൊണ്ടുപോകുന്ന ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലുണ്ടെങ്കിലും കവര്‍ച്ച മുതലുമായി ഇവര്‍ പുറത്തേക്കു കടന്നതെപ്പോള്‍ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നു.

കാഞ്ഞങ്ങാട്ടെ രാജധാനി കവര്‍ച്ചക്കേസിലെ പ്രതികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. ഈ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ നേരിട്ടല്ലെങ്കിലും കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.