Latest News

വധശ്രമക്കേസില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 10 പേര്‍ക്ക് ഏഴു വര്‍ഷം തടവ്‌

കോഴിക്കോട്:[www.malabarflash.com] സിപിഎം വിമതനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ 10 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ആറു മാസംകൂടി അധികതടവ് അനുഭവിക്കണം.

പെരുവണ്ണാമൂഴി മുതുകാട് വട്ടോത്ത് വീട്ടില്‍ ജിജോ തോമസി(38)നെ വധിക്കാന്‍ ശ്രമിക്കുകയും മകന്‍ അന്‍സിലി(9)നെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണു മാറാട് സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്.

ചക്കിട്ടപാറ പഞ്ചായത്തിലെ ആറാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുതുകാട് കുന്നങ്കണ്ടി വീട്ടില്‍ ബിജു(38), മുതുകാട് സ്വദേശികളായ ചെറുവത്ത് കുനിയില്‍ വീട്ടില്‍ സി.കെ. പ്രമോദ്(37), രാരാറ്റുമ്മല്‍ വീട്ടില്‍ ആര്‍. ഷിജു(33), എടവനക്കണ്ടി വീട്ടില്‍ ജ്യോതിഷ്(25), കാരോല്‍ വീട്ടില്‍ ഇര്‍ഷാദ്(22), താന്നിക്കണ്ടി വീട്ടില്‍ ടി.കെ. ഷിജില്‍ എന്ന കണ്ണന്‍(25), ചെങ്കോട്ടക്കൊല്ലി മുതുകാട് പാണന്റെകണ്ടി വീട്ടില്‍ പി.കെ. റിജിത്ത്(24), പാട്ടശേരിമുക്ക് വീട്ടിയുള്ളപറമ്പില്‍ വി.എ. അജീഷ്(27), ചെങ്കോട്ടക്കൊല്ലി മുതുകാട് പടിഞ്ഞാറയില്‍ മീത്തല്‍ പി.എം. രമിലേഷ് (33), നാലാം ബ്ലോക്ക് വലിയപറമ്പില്‍ രജിന്‍ലാല്‍ എന്ന കുഞ്ഞിമുത്തു (25) എന്നിവരെയാണു വിചാരണക്കോടതി ശിക്ഷിച്ചത്.

11-ാം പ്രതി താഴെഅങ്ങാടി മുതുകാട് കാരക്കുന്നുമ്മല്‍ കെ. ഷിബുവിനെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി വെറുതെ വിട്ടു. സിപിഎം വിട്ടതിനെത്തുടര്‍ന്നു ജിജോ തോമസിനെയും കുടുംബത്തെയും പ്രതികള്‍ ആക്രമിച്ചെന്നാണ് കേസ്. 2014 മാര്‍ച്ച് 18 നായിരുന്നു സംഭവം. 

പതിന്നാലു സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 25 രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി. സുഗതന്‍, അഡ്വ.ടി.കെ. നിവിത എന്നിവര്‍ ഹാജരായി.




Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.