Latest News

സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: 79 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മഞ്ചേരി:[www.malabarflash.com] സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 79 വിദ്യാര്‍ഥികളെയും അഞ്ച് അധ്യാപകരെയും ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ചേരിക്കടുത്ത് കാവനൂര്‍ ഇരിവേറ്റി വടക്കുംമല എഎംഎല്‍പി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു വിളമ്പിയ ഭക്ഷണം കഴിച്ചാണ് 41 ആണ്‍കുട്ടികള്‍ക്കും 38 പെണ്‍കുട്ടികള്‍ക്കും ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റത്.

ഭക്ഷണം കഴിച്ചു പത്തു മിനിറ്റ് കഴിഞ്ഞതോടെ കുട്ടികള്‍ക്കു ഛര്‍ദിയും തലവേദനയും തലകറക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് അധ്യാപകര്‍ക്കും രോഗലക്ഷണം അനുഭവപ്പെട്ടു. രക്ഷിതാക്കളും നാട്ടുകാരും ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ചയാണു സ്‌കൂള്‍ തുറന്നത്. സാമ്പാറില്‍നിന്നാണു വിഷബാധയുണ്ടായതെന്നാണു സൂചന. സ്‌കൂളിലെ 111 വിദ്യാര്‍ഥികളില്‍ സാമ്പാര്‍ ഉപയോഗിക്കാത്ത 32 കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചത്. പ്രധാനാധ്യാപകന്‍ പങ്കപ്പാട്ട് അബ്ദുള്‍ കരീം (55), അധ്യാപകരായ അലി ഏലിയാപ്പറമ്പ് (50), സഹീദ അരീക്കോട് (55), ഫാത്തിമ കാവനൂര്‍ (28), ആത്തിയ കാവനൂര്‍ (20) എന്നിവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു.

കാവനൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കയച്ചിട്ടുണ്ട്. അരീക്കോട് എഇഒ ഇസ്മയില്‍ ഷരീഫ് സ്‌കൂളിലും ആശുപത്രിയിലും സന്ദര്‍ശിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

അഡ്വ. എം. ഉമ്മര്‍ എംഎല്‍എ, ഏറനാട് തഹസില്‍ദാര്‍ കെ.വി മോഹനന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, മുന്‍ചെയര്‍മാന്‍ അസൈന്‍ കാരാട്ട്, പിടിഎ പ്രസിഡന്റ് പുന്നംപറമ്പില്‍ ചന്ദ്രന്‍, ടൗണ്‍ ഹികമിയ മസ്ജിദ് ഇമാം മുഹമ്മദ് ഷരീഫ് നിസാമി തുടങ്ങിയവര്‍ കുട്ടികളെ സന്ദര്‍ശിച്ചു. മഞ്ചേരി പോലീസ്, സാന്ത്വനം വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കു ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി സൂപ്രണ്ട് കെ.വി നന്ദകുമാര്‍ അറിയിച്ചു.




Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.