Latest News

ചെറുവത്തൂര്‍ മാതൃകയില്‍ കൊടുവളളിയിലും കവര്‍ച്ചയ്ക്കു പദ്ധതിയിട്ടതായി വിവരം

കാഞ്ഞങ്ങാട്:[www.malabarflash.com] ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നതായി സംശയിക്കുന്ന ഇസ്മായിലും സംഘവും ഇതേ മാതൃകയില്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ ഫെഡറല്‍ ബാങ്കും സഹകരണ ബാങ്കും കൊള്ളയടിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം.
ഇസ്മായിലിന്റെ മൊബൈല്‍ നമ്പറില്‍ നിന്നു കൊടുവള്ളിയിലെ ഒരു വ്യാപാരിക്കു ചെന്ന ഫോണ്‍കോളിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസിന് ഈ നിര്‍ണായക വിവരം നല്‍കിയത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കൊടുവള്ളി സ്വദേശിയില്‍ നിന്ന് ബുധനാഴ്ച പൊലീസ് ചോദിച്ചറിഞ്ഞു.

കവര്‍ച്ച സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

കൊടുവള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്ക് ശാഖയും എതിര്‍വശത്തുള്ള ഫെഡറല്‍ ബാങ്കുമായിരുന്നു കവര്‍ച്ചക്കാരുടെ ലക്ഷ്യം. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇരു ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്.

സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറികള്‍ വാടകയ്ക്കു നല്‍കുമോ എന്നു ചോദിച്ചായിരുന്നത്രെ ഇസ്മായിലിന്റെ ഫോണ്‍കോള്‍. ഇതിനിടെ, ഇസ്മായില്‍ സംസാരിച്ചിരുന്നതു തുളുവും ബ്യാരിയും കലര്‍ന്ന മലയാളമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ, പേര് വ്യാജമാണെങ്കിലും ഇയാള്‍ മഞ്ചേശ്വരം സ്വദേശി തന്നെ ആയിരിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്. 

കവര്‍ച്ചയില്‍ അന്യസംസ്ഥാനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. കവര്‍ച്ചയുടെ സൂത്രധാരന്‍ കാസര്‍കോട്ടുകാരനാണെങ്കിലും അതിവിദഗ്ധ മോഷ്ടാക്കളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. 

കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം ചോദ്യം ചെയ്ത മൂന്നു പേരെയും പൊലീസ് ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് ബാങ്ക് സ്‌ട്രോങ്‌റൂമിന്റെ കോണ്‍ക്രീറ്റ് തറ തുരന്നു 19.5 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയും കവര്‍ന്നത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.