Latest News

മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി

പെരുമ്പാവൂര്‍[www.malabarflash.com] മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ട്രാവന്‍കൂര്‍ റയോണ്‍സ് റിട്ട. ജീവനക്കാരന്‍ കാരാട്ടുപള്ളിക്കര മാടപ്പുറം പദ്മനാഭന്‍ (70), ഭാര്യ റിട്ട. ഗവ. സ്‌കൂള്‍ അധ്യാപിക തിലോത്തമ (66) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇളയമകന്‍ ഷൈനി (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാരാട്ടുപള്ളിക്കര കവലയ്ക്കു സമീപമുള്ള വീട്ടില്‍ വൈകിട്ട് 4.45നാണ് നാടിനെ നടുക്കിയ സംഭവം. ബെംഗളൂരുവിലേക്ക് വിനോദയാത്ര പോകാന്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് പ്രകോപനമെന്ന് പൊലീസ് അറിയിച്ചു.

ഭര്‍ത്താവിനെ വാക്കത്തി കൊണ്ട് വെട്ടുന്നതു കണ്ടു പുറത്തേക്ക് ഓടിയ തിലോത്തമ റോഡരികില്‍ വീണു. പിന്നാലെ പാഞ്ഞെത്തിയ ഷൈന്‍ ഇവിടെ വച്ച് തലയിലും കഴുത്തിലും പല തവണ വെട്ടിയാണ് അവരെ കൊലപ്പെടുത്തിയത്. തിരികെ വീട്ടിലെത്തിയ യുവാവ് അച്ഛനെ വീണ്ടും വെട്ടിയതായി സംഭവം കണ്ടവര്‍ പറഞ്ഞു. സ്വീകരണ മുറിയില്‍ മരിച്ചുകിടന്ന പദ്മനാഭന്റെ കഴുത്തിനും തലയ്ക്കുമാണ് വെട്ട്.

കൊലപാതകങ്ങള്‍ക്കു ശേഷം വീട്ടില്‍ തന്നെയിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വാക്കത്തിയും കണ്ടെടുത്തു. ലഹരി ഉപയോഗത്തിലൂടെയാണ് ഇയാള്‍ക്കു മനോദൗര്‍ബല്യമുണ്ടായതെന്ന് സിഐ മുഹമ്മദ് റിയാസ് പറഞ്ഞു. 

ഷൈന്‍ വര്‍ഷങ്ങളായി മനോദൗര്‍ബല്യത്തിനു ചികില്‍സയിലാണ്. മൂത്തമകന്‍ അരുണ്‍ (40) സംഭവം കഴിഞ്ഞ് അര മണിക്കൂറിന് ശേഷമാണ് വീട്ടിലെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ രണ്ടു മക്കളും അവിവാഹിതരാണ്. .

മാതാപിതാക്കളില്‍ നിന്നു പണംവാങ്ങി ഇടയ്ക്ക് യാത്ര പോകുന്ന പതിവ് മക്കള്‍ക്കുണ്ട്. ഒരു മാസമൊക്കെ കഴിഞ്ഞിട്ടായിരിക്കും തിരിച്ചെത്തുക. പണം ആവശ്യപ്പെട്ട് ഇടയ്ക്ക് മാതാപിതാക്കളെ ഷൈന്‍ മര്‍ദിക്കാറുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.