Latest News

യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ എടനീര്‍, കുമ്പള ഡിവിഷനുകളില്‍ നിന്ന് മത്സരിക്കുന്നവരെന്ന് സൂചന

കാസര്‍കോട്:[www.malabarflash.com] യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെടുന്നവര്‍ എടനീര്‍, കുമ്പള ഡിവിഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ ഒരാളാകുമെന്ന സൂചന ശക്തമായി. ഇതില്‍ എടനീറിനെ പ്രതിനിധീകരിക്കുന്ന പ്രതിനിധിക്കാകും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മുന്തിയപരിഗണന നല്‍കപ്പെടുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ബദിയഡുക്ക മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ചായിന്റടി മുഹമ്മദ് കുഞ്ഞി, എടനീര്‍ അബൂബക്കര്‍ എന്നിവരുടെ പേരുകളാണ് എടനീര്‍ ഡിവിഷനിലേക്ക് മുസ്ലിം ലീഗ് പരിഗണിക്കുന്നത്. ഇതില്‍ മാഹിന്‍ കേളോട്ടിന് ദീര്‍ഘകാലത്തെ തദ്ദേശ ഭരണ പരിചയവും പ്രാദേശികമായ അംഗീകാരവുമുണ്ട്.

കാസര്‍കോട് മെഡിക്കല്‍ കോളേജിന് വേണ്ടിയും എന്‍ഡോള്‍ഫാന്‍ വിഷയത്തിലും ശക്തമായ ജനകീയ ഇടപെടലുകളും സമരങ്ങളും നയിച്ചതും മാഹിന്‍ കേളോട്ടിനുള്ള അനുകൂല ഘടകമാണ്. മാഹിന്‍ ചൂക്കാന്‍ പിടിക്കുന്ന ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഭരണകാലത്ത് ജനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സാംസ്‌കാരിക രംഗത്തെ ഉണര്‍വ്വിനും മാഹിന്‍ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഈ ഘടകങ്ങള്‍ മുന്‍ നിര്‍ത്തി മാഹിനെ എടനീരിലെ ഗോദയിലിറക്കാനാണ കൂടുതല്‍ സാധ്യത.

കുമ്പളയിലാണെങ്കില്‍ മുസ്ലിം ലീഗില്‍ പ്രാദേശിക വാദം ശക്തമാണ്. ഇറക്കുമതി സ്ഥാനാര്‍ത്ഥികളോട് കുമ്പള മുസ്ലിം ലീഗ് നേതൃത്വത്തിന് മമതയില്ല.അത് കൊണ്ട് തന്നെ പ്രാദേശിക ലീഗിനെ ചൊടിപ്പിച്ചുള്ള നീക്കത്തിന് ജില്ലാ നേതൃത്വം ഒരുങ്ങില്ല. 

മുന്‍ കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് എം,അബ്ബാസ്, അഷ്‌റഫ്, കാര്‍ള എന്നിവരെയാണ് ഈ ഡിവിഷനിലേക്ക് പരിഗണിക്കുന്നത്. ഇവരില്‍ അഷ്‌റഫ് കാര്‍ളക്ക് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെയും അബ്ബാസിന് പിബി അബ്ദുല്‍ റസ്സാഖ എം.എല്‍.എയുടെ പിന്തുണയുണ്ട്. കുമ്പളയിലെ സ്ഥാനാര്‍ത്ഥി പ്രശ്‌നം കീറാമുട്ടിയായാല്‍ നേതൃത്തം ഇടപെട്ട് മുന്‍ മന്ത്രി സി.ടി അഹമ്മദലിയെയോ, എജിസി ബഷീറിനെയോ രംഗത്തെത്തിക്കാനുളള സാധ്യതയുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.