Latest News

ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷനില്‍ ലീഗില്‍ നിന്നും മൂന്ന് പേര്‍ പരിഗണനയില്‍

കാസര്‍കോട്:[www.malabarflash.com] ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷനില്‍ മുസ്ലിം ലീഗിന്റെ മൂന്നു നേതാക്കളുടെ പേര് മത്സരത്തിനായി പരിഗണനയില്‍. പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ കരീം കുണിയ, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ ബി എം ഷരീഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

പൊതുപ്രവര്‍ത്തനത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ കരീം കുണിയയെ ഇവിടെ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരരംഗത്തേക്കില്ലെന്നാണ് കരീം പാര്‍ട്ടിയെ അറിയിച്ചിരിക്കുകയാണ്. അതു പോലെ തന്നെ ഉദുമ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചുമതലയുളള സത്താര്‍ മുക്കുന്നോത്തും മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

അതേ സമയം പ്രവാസി ലീഗ് നേതാവായ കാപ്പില്‍ മുഹമ്മദ് പാഷയെ പെരിയ ഡിവിഷനില്‍ മത്സരിപ്പിക്കാനുളള നീങ്ങളും നടക്കുന്നത്. നേരത്തെ ഉദുമ പഞ്ചായത്തിലെ പാലക്കുന്ന് വാര്‍ഡില്‍ മത്സരിക്കാനായിരുന്നു പാഷയുടെ നീക്കം, എന്നാല്‍ പാലക്കുന്ന് വാര്‍ഡ് പട്ടികജാതി സംവരണമായതോടെ ഈ നീക്കത്തിന് തിരിച്ചടിയായി. അതിനിടെ കരിപ്പോടി വാര്‍ഡില്‍ മത്സരിപ്പിക്കാനുളള ശ്രമവും പാഷയെ അനുകൂലിക്കുന്നവര്‍ നടത്തിയിരുന്നു. ഈ ശ്രമങ്ങള്‍ക്ക് ഒരു വിഭാഗം ശക്തമായി എതിര്‍ത്തത് പാഷയുടെ സ്ഥാനാത്ഥിത്വം പ്രതിസന്ധിയിലായി. ഇത് പരിഹരിക്കാനാണ് പാഷയെ പെരിയ ഡിവിഷനില്‍ മത്സരിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നത്.
അഡ്വ. വി പി പി മുസ്തഫ

ഇവിടെ സി പി എം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. വി പി പി മുസ്തഫയെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സി പി എമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കൂടിയായിരിക്കും മുസ്തഫ.

സി പി എമ്മിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ നേരത്തെ തൃക്കരിപ്പൂരില്‍ നിന്നും ജില്ലാ പഞ്ചായത്തംഗമായിരുന്നു. ശക്തനായ പ്രാസംഗികനും യുവനേതാവുമായ മുസ്തഫയ്ക്ക് പെരിയ ഡിവിഷനില്‍ മികച്ച വിജയം ലഭിക്കുമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.

പെരിയ ഡിവിഷനില്‍ 5,000 ലധികം വോട്ടിന്റെ ഭൂരിപക്ഷം സി പി എമ്മിന് ലഭിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. എന്നാല്‍ ശക്തനായ എതിരാളി ഉണ്ടെങ്കില്‍ ചിലപ്പോള്‍ വിജയം പ്രവചനാതീതമാകും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.