Latest News

പാടത്തിലെ പഠനത്തിന് കുട്ടികള്‍ക്ക് നൂറുമാര്‍ക്ക്

ഉദുമ[www.malabarflash.com]: പാഠപുസ്തകത്തിനപ്പുറം പാഠശേഖരത്തിലിറങ്ങി പുതിയ പാഠങ്ങള്‍ സ്വായത്തമാക്കുകയാണ് ഉദുമ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍. പഴമക്കാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ പാഠങ്ങള്‍ പാടത്ത് മുറതെറ്റാതെ നടപ്പിലാക്കിയപ്പോള്‍ കിട്ടിയത് വിളവിന്റെ നൂറുമേനി.

മാങ്ങാട് പാടശേഖരത്തിലെ തരിശുഭൂമി വിളനിലമാക്കിയാണ് കുട്ടികളുടെ വിജയ കൊയ്ത്ത്. പ്രദേശത്തെ പഞ്ചായത്തംഗം ബാലകൃഷ്ണന്‍ കരുത്തു നല്‍കി തുണയായപ്പോള്‍ പാരമ്പര്യ കര്‍ഷകനായ കൊട്ടന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വഴികാട്ടിയായി. നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പു വരെ കുട്ടികള്‍ ഏറ്റെടുത്തു നടത്തിയതും ജൈവ രീതി മാത്രം അവലംബിച്ചതും വിളവിന്റെ മാധുര്യം ഇരട്ടിയാക്കി.

കൃഷിക്കൂട്ടം പദ്ധതിയുടെ ഭാഗമായാണ് എന്‍ എസ് എസ് ഈ ദൗത്യം ഏറ്റെടുത്തത്. ജൂണ്‍ മാസത്തില്‍ വിളവിറക്കിയ ഉമ എന്ന ഇനം നെല്ലാണ് മൂന്നു മാസം കൊണ്ട് കൊയ്ത്തിനു പാകമായത്. കൃഷിഭൂമി തരിശായി ഇടരുത് എന്ന ഉദുമ പഞ്ചായത്തിന്റെ നിര്‍ദ്ദേശമാണ് കുട്ടികളെ മാങ്ങാട് വയലിലേക്കിറക്കിയത്.

പ്രോഗ്രാം ഓഫീസര്‍ അഭിരാം, അധ്യാപകരായ അയ്യപ്പന്‍, മിഥുന്‍ രാജ് എന്നിവര്‍ അമരക്കാരായി കുട്ടികളോടൊപ്പം പാടത്തേക്കിറങ്ങിയതും പാടശേഖര സമിതിയിലെ വനിതകള്‍ മുന്നില്‍ നിന്ന് കൊയ്ത്തിന് സഹായിച്ചതും എ.കെ.ജി ക്ലബ്ബ് പ്രവര്‍ത്തകര്‍ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍ ഇത് നാടിന്റെ ഉത്സവമായി മാറി.

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കസ്തൂരി ടീച്ചര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ കുഞ്ഞമ്പു, ബാലകൃഷ്ണന്‍ എന്നിവരും പി ടി എ അംഗങ്ങളായ സുധാലക്ഷ്മി, ഗംഗാധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മധുസൂദനന്‍ സ്വാഗതവും റെഡ് ക്രോസ് കണ്‍വീനര്‍ രാജീവന്‍ നന്ദിയും പറഞ്ഞു.

കൊയ്ത്തുത്സവത്തിന്റെ ഭാഗമായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ പാരമ്പര്യ കര്‍ഷകരായ കൊട്ടന്‍, കുമാരന്‍, രാമകൃഷ്ണന്‍, വെള്ളച്ചി, ചോയ്ച്ചി, കല്യാണി എന്നിവരേയും പഞ്ചായത്തംഗം, ബാല കൃഷ്ണനേയും പൊന്നാട അണിയിച്ച് ആദരിച്ചു .

വിളവെടുത്ത നെല്ല് ഡിസംബറിലെ എന്‍ എസ് എസ് സപ്തദിന ക്യാമ്പിലേക്കും നിര്‍ദ്ധനരായ പത്ത് കുടുംബങ്ങള്‍ക്കും നവരാത്രി കിറ്റായി നല്‍കാനുമാണ് പല തരത്തിലും മാതൃകയായി നില്‍ക്കുന്ന എന്‍എസ്എസ് കുട്ടികള്‍ ലക്ഷ്യമിടുന്നത്.




Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.