Latest News

കണ്ണൂര്‍ സ്വദേശിയുടെ ബോര്‍ഡിംഗ് പാസ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ കീറിക്കളഞ്ഞു

മസ്‌കത്ത്:[www.malbarflash.com] കണ്ണൂര്‍ സ്വദേശിയുടെ ബോര്‍ഡിംഗ് പാസ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ കീറിക്കളഞ്ഞു. അനുവദിച്ചതിലധികം ഭാരമുള്ള ഹാന്‍ഡ് ബാഗ് കൈയ്യില്‍ കരുതിയെന്ന് പറഞ്ഞാണ് വിമാനത്താവള ഉദ്യോഗസ്ഥന്റെ നടപടി. ഇതോടെ ഞായറാഴ്ച വൈകുന്നേരം 3.30നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന മജീദ് എന്നയാളുടെ യാത്ര മുടങ്ങി.

സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ തന്നോട് പ്രകോപനപരമായാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പെരുമാറിയതെന്ന് മജീദ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെ ചെക്കിംഗ് കഴിഞ്ഞ് വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജര്‍ മജീദിന്റെ ബോര്‍ഡിംഗ് പാസ് വാങ്ങുകയും കീറി കളയുകയും ചെയ്തത്. 

ഹാന്‍ഡ് ബാഗിന് പുറമെ കുറച്ച് ചോക്ലൈറ്റുകളും ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങിയ കുറച്ച് വസ്തുക്കളും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് കവറിലായിരുന്നു ഇവയുണ്ടായിരുന്നത്. എന്നാല്‍ ഹാന്‍ഡ് ബാഗ് കൂടുതലാണെന്നും ഇത്രയും അധികം വസ്തുക്കളുമായി വിമാനത്തില്‍ കയറാന്‍ പറ്റില്ലെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

എയര്‍ പോര്‍ട്ട് മാനേജറായ രാകേഷ് കണ്ഠുജയാണ് ഈ സമയം ലോഞ്ചിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ബോര്‍ഡിംഗ് പാസ് ലഭിക്കുമ്പോള്‍ തന്റെ ലഗേജും മറ്റും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായിരുന്നുവെന്നും വിമാനത്തിലേക്ക് കയറുന്നതിന് മുമ്പാണ് യാത്ര റദ്ദാക്കി ഇവര്‍ നിലപാട് സ്വീകരിച്ചത്. 

താന്‍ ഭാരം കുറക്കാന്‍ തയാറാണെന്ന് പറഞ്ഞെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ എയര്‍ പോര്‍ട്ട് മാനേജര്‍ സന്നദ്ധമായില്ലെന്ന് മജീദ് പറയുന്നു. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങിയ വസ്തുക്കള്‍ തിരിച്ചുകൊടുക്കാനായി പുറപ്പെട്ടപ്പോള്‍ ഇനി വിമാനത്തില്‍ പോകേണ്ടെന്നും പറഞ്ഞ് മജീദിന്റെ ബോര്‍ഡിംഗ് പാസ് കീറിക്കളയുകയായിരുന്നു. ഇനി നാട്ടിലേക്ക് പോകണമെങ്കില്‍ പുതിയ ടിക്കറ്റ് എടുത്ത് കയറണമെന്നായിരുന്നു എയര്‍പോര്‍ട്ട് മാനേജറുടെ ആജ്ഞ. 

മാനുഷികമായിട്ടായിരുന്നില്ല ഇദ്ദേഹത്തിന്റെ പെരുമാറ്റമെന്നും മറ്റ് വിമാനക്കമ്പനികളിലെ ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറില്ലെന്നും സംഭവത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാരും ഡ്യൂട്ടി ഫ്രീ കടയിലെ ജീവനക്കാരും പറഞ്ഞു. 

അടുത്തിടെ ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് മസ്‌കത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കൂടതല്‍ ലഗേജുണ്ടെന്നും പറഞ്ഞ് മലയാളി കുടുംബത്തിന്റെ യാത്ര ഇത്തരത്തില്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ ഇത്തരം നടപടിയില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.