കണ്ണൂര്‍:[www.malabarflash.com] റൈസ് പുള്ളര്‍ വഴി പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി.
മുണ്ടേരിമൊട്ട, ചെക്കിക്കുളം, മാണിയൂര്‍, കുറ്റിയാട്ടൂര്‍ പ്രദേശങ്ങളിലെ വീട്ടമ്മമാരാണ് പരാതിയുമായി കാലത്ത് എസ് പിയെ കാണാനെത്തിയത്. ടെലിവിഷന്‍ നന്നാക്കാന്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ മുണ്ടേരിമൊട്ടയിലെ സുബൈര്‍ എന്നയാള്‍ തന്നോട് നൂറ് വര്‍ഷം പഴക്കമുള്ള അത്ഭുതസിദ്ധിയുള്ള ഓട്ടുപാത്രമുണ്ടെന്നും പണം കൊടുത്താല്‍ അത് ഇരട്ടിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ തിരിച്ചുതരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായി സക്കീന എന്ന വീട്ടമ്മ പറഞ്ഞു.
സുബൈറിന്റെ വാക്ക് വിശ്വസിച്ച് താനും തന്നെപ്പോലെ പലരും പണം നല്‍കി. തിരിച്ചുതരേണ്ട സമയം കഴിഞ്ഞിട്ടും കിട്ടാതായപ്പോള്‍ സുബൈറിനെ സമീപിച്ചപ്പോള്‍ അടുത്തുതന്നെ ശരിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവത്രെ. അവസാനമായി സപ്തംബര്‍ 25ന് നിങ്ങളുടെ പണവുമായി താനെത്തുമെന്ന് വീട്ടമ്മക്ക് സുബൈര്‍ ഉറപ്പ് നല്‍കി. സക്കീനയുടെ കൈയ്യില്‍ പണം കൊടുത്തവര്‍ 25ന് പണം കിട്ടുമെന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചു. അന്ന് തന്റെ വീട്ടിലെത്തിയ സുബൈറിന്റെ കൈയ്യില്‍ മദ്യക്കുപ്പിയും പെട്രോള്‍ കന്നാസും ഉണ്ടായിരുന്നതായി സക്കീന പറയുന്നു.
"നിനക്ക് പണം തരാനല്ല താന്‍ വന്നതെന്നും നിന്നെ ശരിയാക്കാനാണെന്നും പറഞ്ഞു. നീ പണം തന്നതിന് തെളിവൊന്നുമില്ല. പിന്നെ നീ മരിച്ചാല്‍ കടം കാരണം ആത്മഹത്യ ചെയ്തതായി നാട്ടുകാര്‍ കരുതുമെന്ന്" പറഞ്ഞ് കന്നാസിലുള്ള പെട്രോള്‍ തന്റെ ദേഹത്തൊഴിച്ചെന്നും പണത്തിനായി അപ്പോള്‍ വീട്ടിലെത്തിയ നാട്ടുകാരാണ് തന്റെ നിലവിളി കേട്ട് രക്ഷപ്പെടുത്തിയതെന്നും സക്കീന എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
നാട്ടുകാരെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുബൈറിനെ പിടികൂടി പോലീസിലേല്‍പ്പിച്ചതായാണറിയുന്നത്. വിദേശത്തുള്ള ഭര്‍ത്താക്കന്മാര്‍ അറിയാതെയാണ് പല വീട്ടമ്മമാരും സുബൈറിന് പണം നല്‍കിയതത്രെ. മുപ്പതോളം പേരാണ് പ്രദേശത്ത് നിന്ന് തട്ടിപ്പിനിരയായിട്ടുള്ളത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓട്ടുപാത്രമാണ് റൈസ് പുള്ളിംഗ്. ഇതിന്റെ അത്ഭുതസിദ്ധികൊണ്ട് പലതും സംഭവിക്കും. അതിന്റെ പേരുപറഞ്ഞാണ് സുബൈര്‍ നാട്ടില്‍ തട്ടിപ്പ് നടത്തിയത്. തങ്ങളുടെ കൈയ്യിലുള്ള ഓട്ടുസാധനം ജര്‍മ്മനിയില്‍ നിന്നും ആള്‍ക്കാര്‍ വന്നുവാങ്ങുമെന്നും അതിന്റെ സിദ്ധി അറിയുമ്പോള്‍ അവര്‍ എത്ര കാശ് വേണമെങ്കിലും തരുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ കേട്ടപ്പോഴാണത്രെ സ്ത്രീകള്‍ വലയിലായത്.
വെള്ളിമൂങ്ങ, നാഗമാണിക്യം, ഇരുതലമൂരി എന്നിവയുടെ പേരില്‍ അടുത്തകാലത്തായി തട്ടിപ്പ് നടത്തിവരുന്നുണ്ട്. തട്ടിപ്പില്‍ കുടുങ്ങിയ പലരും നാണക്കേട് ഓര്‍ത്ത് പുറത്തുപറയാന്‍ മടിക്കുകയാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment