Latest News

പ്രേക്ഷകരെ ചിന്തിപ്പിച്ച് നേരറിയാതെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com]ആസ്വാദകരെ ഒന്നടങ്കം ഈറനണിയിച്ച് നേരറിയാതെ എന്ന സമാന്തര സിനിമ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രമുഖ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ കാഴ്ചയുടെ സവിശേഷത കൊണ്ടും കഥയുടെ ഉള്‍ക്കരുത്തുകൊണ്ടും സംവിധാന മികവുകൊണ്ടും പ്രേക്ഷകരെ കീഴടക്കി.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ആദ്യാവസാനം വരെ നിറഞ്ഞ് കവിഞ്ഞ സദസ്സ് കൈയ്യടിയോടെ ഏറ്റുവാങ്ങി. മദ്യം ഒരു കുടുംബത്തിന്റെ സമാധാനവും സമ്പത്തും നശിപ്പിക്കുന്നതും, അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനവും ഹൃദയസ്പര്‍ശിയായി ചിത്രം അനാവരണം ചെയ്യുന്നു. മദ്യപാനം മൂലം ഒന്നിനു പിറകേ ഒന്നായി നഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും അതൊന്നും വകവെക്കാതെ ദുരിതം പേറി നടക്കുന്ന കഥാ നായകനും ഒരു പരിധിവരെ പൊരുതു നില്‍ക്കുന്ന നായിക കഥാപാത്രവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.


മദ്യപാനം മൂലം നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്കും ജീവിതത്തിന്റെ ഏറ്റവും നല്ല കാലം അവസാനിച്ചു കഴിഞ്ഞതായി മനസ്സിലാക്കുകയും പിന്നീട് അതില്‍ നിന്ന് മുക്തി നേടി മദ്യത്തിനെതിരെ പടപൊരുതുന്നതുമാണ് ചിത്രത്തിന്റെ കാതലായ ഭാഗം. 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പി.കെ.രാമകൃഷ്ണന്‍, അമ്മ വേഷത്തിലഭിനയിച്ച മാവുങ്കാല്‍ വിവേകാനന്ദ വിദ്യാമന്ദിരത്തിലെ സൗമ്യ ദിവാകരന്‍ ബാലതാരങ്ങളായി രംഗത്തെത്തിയ പെരിയ ഗവ.സ്‌കൂളിലെ രാംദ്രുവിന്‍ കൃഷ്ണനും, ആര്‍ദ്ര അശോകും മികച്ച കൈയ്യടി നേടി. 

സാധാരണക്കാരായ നാട്ടിന്‍പുറത്തുകാരാണ് സിനിമയില്‍ അഭിനയിച്ചത് എന്നുള്ള പ്രത്യേകതയും ചിത്രത്തിനെ ശ്രദ്ധേയമാക്കി.
ഫിലിം സൊസൈറ്റികള്‍, ഫൈന്‍ആര്‍ട്‌സ് സൊസൈറ്റികള്‍, സ്‌കൂള്‍-കോളേജ്, കുടുംബശ്രീ, സാംസ്‌കാരിക സംഘടനകള്‍ എന്നിവ വഴി കേരളത്തില്‍ എല്ലായിടങ്ങളിലും ചിത്രം കാണിക്കാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തകര്‍.


നേരറിയാതെ സിനിമയുടെ പ്രദര്‍ശനോദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഭാസ്‌കരന്‍ ചാലിങ്കാന്‍ അധ്യക്ഷത വഹിച്ചു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, മടിക്കൈ കമ്മാരന്‍, ടി.വി.കരിയന്‍, ടി.കൃഷ്ണന്‍, രാജേന്ദ്രന്‍ പുല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ.രാമകൃഷ്ണന്‍ സ്വാഗതവും, വി.കുമാരന്‍ നന്ദിയും പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.