Latest News

കാണാതായ മത്സ്യബന്ധന ബോട്ടിലെ 10 തൊഴിലാളികളെയും രക്ഷപെടുത്തി

കാഞ്ഞങ്ങാട്:[www.malabarflash.com] മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ 10 മത്സ്യത്തൊഴിലാളികളേയും 12 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ കണ്ടെത്തി കരക്കെത്തിച്ചു.

കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 'ഓംകാരം' ഫൈബര്‍ വള്ളമാണ് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അപകത്തില്‍പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ കാഞ്ഞങ്ങാട് കടപ്പുറത്തെ മണികണ്ഠന്‍ (30), സജേഷ് (26), രാജേഷ് (32), ബാലകൃഷ്ണന്‍ (48), ചന്ദ്രന്‍ (26), ഷാജി (35), മണി(33), പുഞ്ചാവി സ്വദേശി പ്രവീണ്‍ (32), കീഴൂരിലെ മുകേഷ്(31), കല്ലുരാവിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ഒലിനര്‍ റഹ്മാന്‍ (28) എന്നിവരാണ് അപകടത്തില്‍പെട്ടത്.
തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവന്നതിന് ശേഷം കൂടുതല്‍ മത്സ്യമുണ്ടെന്നറിഞ്ഞ് മൂന്നുമണിയോടെ വീണ്ടും പോയതായിരുന്നു. വള്ളം നിറയെ മത്സ്യവുമായി മടങ്ങുന്നതിനിടയില്‍ കൂറ്റന്‍ തിരമാലയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വള്ളങ്ങളും രാത്രി എട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ഓംകാരം അപകടത്തില്‍പെട്ടതറിഞ്ഞത്. 

കരയില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നു അപകടം. തോണി മറിഞ്ഞതോടെ യമഹ എഞ്ചിനും തകരാറിലായി. തുടര്‍ന്ന് ബാലകൃഷ്ണന്‍, മണികണ്ഠന്‍ എന്നിവരുടെ സമയോജിതമായ ഇടപെടലിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചത്. മറിഞ്ഞ വള്ളത്തില്‍ മുറുകെപിടിച്ച ഇവര്‍ വള്ളത്തിന്റെ മുകളില്‍ ഇരുമ്പ് ദണ്ഡ് ഘടിപ്പിച്ച് മറ്റുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. വേലിയിറക്കത്തില്‍ ഉള്‍ക്കടലിലേക്ക് പോയ വള്ളം 14 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് തിരച്ചില്‍ നടത്തുകയായിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കണ്ടത്. 

രാത്രി കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. കരക്കെത്തിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കുള്ളതിനാല്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.