Latest News

കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതെ തന്നെ ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സുന്നികള്‍ക്ക് കഴിയും: കാന്തപുരം

മലപ്പുറം:[www.malabarflash.com] കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ സംഘടന അല്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍മുസ് ലിയാര്‍. മലപ്പുറത്ത് സംഘടനയുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രാഷ്ട്രീയ സംഘടന അല്ല എന്ന് കരുതി തങ്ങളെ അവഗണിച്ചാല്‍ അവര്‍ പാഠം പഠിക്കുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതെ തന്നെ ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സുന്നികള്‍ക്ക് കഴിയും. അതിന് ഉദാഹരണങ്ങളുമുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു വഖഫ് ബോര്‍ഡോ, മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ആവശ്യമില്ല. മറിച്ച് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമാണ്. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഫലം അവര്‍ അനുഭവിക്കുമെന്നും കാന്തപുരം പറഞ്ഞു.

ഈ രാജ്യത്ത് സമാധാനവും ഐക്യവുമാണ് വേണ്ടത്. അതിന് യുവാക്കള്‍ മാത്രം പോര. വയോജനങ്ങളടക്കം മുഴുവന്‍ ജനങ്ങളുടെയും ഇടപെടല്‍ ആവശ്യമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

‘കേരള മുസ്‌ലിം ജമാഅത്ത്’ എന്നാണ് ബഹുജന സംഘടന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. വിശ്വാസ വൈകല്യങ്ങള്‍, മാനുഷിക മൂല്യങ്ങളെ നിരാകരിക്കുന്ന പുതിയ പ്രവണതകള്‍, രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന വര്‍ഗീയ ചേരിതിരിവുകള്‍, തീവ്രവാദം, ഭീകരത തുടങ്ങിയവ സമൂഹത്തില്‍ ഉളവാക്കുന്ന അസ്ഥിരതയുടെ പശ്ചാതലത്തില്‍ പ്രദേശികതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദിശാബോധം നല്‍കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബഹുജന സംഘടന രൂപം കൊള്ളുന്നത്.

മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല സംസാരിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.