Latest News

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍

പാലക്കാട്:[www.malabarflash.com] നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയിലായി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഗോപാലപുരത്തുനിന്നാണ് ആന്റണിയെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആന്റണിയെ പിടികൂടാന്‍ മൂന്നുവര്‍ഷമായി പോലീസ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ പാലക്കാട്ടെ രണ്ട് സ്ത്രീകളുടെ വീടുകളില്‍ പതിവായി എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വലവിരിച്ച പോലീസ് ദിവസങ്ങളോളം നിരീക്ഷിച്ചശേഷം ഒരു സ്ത്രീയുടെ വീട്ടില്‍നിന്നാണ് ആന്റണിയെ പിടികൂടിയത്. കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ്.

ആട് ആന്റണിയെന്ന് സംശയിക്കുന്നതായി വിവരം ലഭിച്ച മുപ്പത്തഞ്ചോളം പേരെപ്പറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍പോയി പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ വിവരം ലഭിച്ചില്ല. ആട് ആന്റണിയെ പിടികൂടുന്നതിനുവേണ്ടി കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്ത് പ്രത്യേക സംഘം പ്രവര്‍ത്തിച്ചിരുന്നു.

പ്രത്യേക സംഘം ചെന്നൈ, കോയമ്പത്തൂര്‍, സേലം, ഈറോഡ്, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോസ്റ്റര്‍ പതിച്ചിരുന്നു. ഓരോ സ്ഥലത്തെയും പോലീസിനും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ആസൂത്രിത നീക്കങ്ങളാണ് ഒടുവില്‍ ആന്റണിയെ കുടുക്കിയത്.

2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഒരു മണിക്ക് പാരിപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട മാരുതി വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥനുനേരെ ആട് ആന്റണിയുടെ ആക്രമണം. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. ജോയിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ മണിയന്‍ പിള്ള തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മാരകമായി കുത്തിപ്പരിക്കേല്‍പിച്ചത്. മണിയന്‍ പിള്ളയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൊലയ്ക്കുശേഷം തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി ഭാര്യ സൂസനെയും കൂട്ടി മുങ്ങുകയായിരുന്നു ഇയാള്‍. പോലീസ് പിന്തുടരുന്നതറിഞ്ഞ് വഴിയില്‍ സൂസനെ ഉപേക്ഷിച്ച് കടന്നു. മഹാരാഷ്ട്രയിലെ ഷിര്‍ദിസില്‍നിന്ന് സൂസനെ പിന്നീട് പിടികൂടി. ഭാര്യമാരില്‍ സൂസന്‍, ഗിരിജ എന്നിവരെയും സൂസന്റെ ഗര്‍ഭിണിയായ മകള്‍ ശ്രീലതയെയും പോലീസ് അറസ്റ്റുചെയ്തു. ജയിലില്‍ വച്ചാണ് ശ്രീലത പ്രസവിച്ചത്. ഇവരെല്ലാം പിന്നീട് ജയില്‍ മോചിതരായി.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.