Latest News

സലീന ഭര്‍ത്താവിനെ കുത്തിയ ശേഷം കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടി മരിച്ചത്

പൊന്നാനി:[www.malabarflash.com] മലപ്പുറത്ത് ദമ്പതികളും കുഞ്ഞും മരിച്ച സംഭവം ഭര്‍ത്താവിനെ കുത്തിയശേഷം ഭാര്യ കൈക്കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടി മരിച്ചതാണെന്ന് പോലീസ്. മാറഞ്ചേരി അവിണ്ടിത്തിറ തറയ്ക്കല്‍ പെരുമ്പുള്ളി ഫൈസല്‍ (35), ഭാര്യ സലീന (28), എട്ടുമാസം പ്രായമുള്ള ഫഹീം എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ: മനോദൗര്‍ബല്യമുള്ള സലീന വീട്ടില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫൈസലിന്റെ കഴുത്തിനും നെഞ്ചിലും കുത്തി. തടയാന്‍ ചെന്ന ഭര്‍തൃമാതാവ് കദീജയെ തട്ടിമാറ്റി, കുഞ്ഞിനെയെടുത്ത് സലീന വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി.

കദീജയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റു കിടന്ന ഫൈസലിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറിന്റെ ഗ്രില്ല് ഇളകിക്കിടക്കുന്നതുകണ്ട് കിണര്‍ പരിശോധിച്ചപ്പോഴാണ് സലീനയെയും ഫഹീമിനെയും മരിച്ച നിലയില്‍ കണ്ടത് . അഗ്‌നിശമനസേന എത്തി കിണറ്റില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം രാത്രിയോടെ മൂന്നുപേരുടെയും മൃതദേഹം അവിണ്ടിത്തിറ ജുമാ മസ്ജിദില്‍ കബറടക്കി. സലീന മനോദൗര്‍ബല്യത്തിന് ചികില്‍സയിലായിരുന്നെന്നും ദുരൂഹതകളില്ലെന്നും തിരൂര്‍ ഡിവൈഎസ്പി ടി.സി. വേണുഗോപാല്‍ പറഞ്ഞു. നെഞ്ചിലും കഴുത്തിലുമായി ഏഴു കുത്തുകളേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധര്‍ വീടും പരിസരവും പരിശോധിച്ചു.

24 ദിവസം മുന്‍പാണ് ഫൈസല്‍ ഷാര്‍ജയില്‍നിന്ന് അവധിക്കെത്തിയത്. 10 ദിവസം കഴിഞ്ഞ് തിരിച്ചുപോകാനിരിക്കുകയായിരുന്നു.




Keywords:Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.