Latest News

യുവാവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം: വിദേശത്തുനിന്നെത്തിയ പ്രതി അറസ്റ്റില്‍

തൃശൂര്‍:[www.malabarflash.com] യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച സംഭവത്തില്‍ വിദേശത്തായിരുന്ന പ്രതിയെ നാട്ടിലെത്തിയപ്പോള്‍ പിടികൂടി. മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശി പുഴിവീട്ടില്‍ ദിലീപി(35)നെയാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. പിതാവിന്റെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു നാട്ടിലെത്തിയപ്പോഴാണു ദിലീപ് ക്രൈംബ്രാഞ്ചിന്റെ വലയില്‍ കുടുങ്ങിയത്. ദിലീപ് കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഹോമിസൈഡ് ആന്‍ഡ് ഹര്‍ട്ട് വിഭാഗം സിഐ വി.കെ. രാജു പറഞ്ഞു. പണമിടപാടു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷം മുമ്പു കാണാതായ മണ്ണുത്തി ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ കെ.ജെ. സജിയുടെ മൃതദേഹമാണു കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെടുത്തത്. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് ദിലീപിനെ സംശയിച്ചിരുന്നെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിരുന്നില്ല. കേസില്‍നിന്നൊഴിവായതിനുശേഷം സൗദി അറേബ്യയിലെ മദീനയില്‍ മോട്ടോര്‍പമ്പ് മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു ദിലീപ്.

പിന്നീടു സജിയുടെ ഭാര്യയുടെ പരാതിയില്‍ 2012ല്‍ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഹോമിസൈഡ് ആന്‍ഡ് ഹര്‍ട്ട് വിഭാഗം സജിയുടെ മൃതദേഹം ദിലീപ് വര്‍ക്ക്‌ഷോപ്പ് നടത്തിയ കെട്ടിടത്തിനരികിലെ സെപ്റ്റിക് ടാങ്കില്‍നിന്നു കണ്ടെടുക്കുകയായിരുന്നു. കേസില്‍ പങ്ക് വ്യക്തമായതിനെതുടര്‍ന്നു ദിലീപിനെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണു കഴിഞ്ഞദിവസം ഇയാളുടെ പിതാവ് മരിച്ചത്. മരണവിവരമറിഞ്ഞു നാട്ടിലെത്തിയ ദിലീപിനെ അന്വേഷണസംഘം വിമാനത്താവളത്തില്‍ കാത്തിരുന്നു പിടികൂടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നതിങ്ങനെ: തൃശൂര്‍ കേന്ദ്രീകരിച്ചു പണം പലിശയ്ക്കു കൊടുക്കുന്നതായിരുന്നു കൊല്ലപ്പെട്ട സജിയുടെ ബിസിനസ്. സജിയോടു സൗഹൃദം സ്ഥാപിച്ച ദിലീപ് പലപ്പോഴായി പണം പലിശയ്ക്കു കടം വാങ്ങിയിരുന്നു. സജിയുടെ കാര്‍ വാടകയ്ക്ക് എടുത്തുകൊണ്ടുപോയി കേടുവരുത്തിയശേഷം നന്നാക്കി നല്കാതിരുന്ന വിഷയത്തിലാണ് ഇരുവരും തമ്മില്‍ തെറ്റിയത്.

സംഭവദിവസം മദ്യപിച്ചു ദിലീപിന്റെ കിഴക്കേകോട്ടയിലെ ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പിലെത്തിയ സജി പണം തിരികെ ആവശ്യപ്പെടുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പ്രകോപിതനായ ദിലീപ് വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് സജിയെ വെട്ടിവീഴ്ത്തുകയായിരുന്നു. തലയില്‍ വെട്ടേറ്റുവീണ സജിയുടെ കാലുകള്‍ കൂട്ടിക്കെട്ടി പ്ലാസ്റ്റിക് ചാക്കിലാക്കി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു. അഞ്ചുമീറ്ററോളം അകലെയുള്ള സെപ്റ്റിക് ടാങ്കിലേക്കു മൃതദേഹം വലിച്ചുകൊണ്ടാണു പോയതെന്നു ദിലീപ് മൊഴിനല്കിയിട്ടുണ്ട്. കുഴിയിലേക്ക് ഇറക്കിയ ശരീരം ചവിട്ടിത്താഴ്ത്തി ടാങ്ക് വീണ്ടും സ്ലാബിട്ടുമൂടി. ഈ സമയം ശക്തമായ മഴ പെയ്തിരുന്നതായും ക്രൈംബ്രാഞ്ച് പറഞ്ഞു.

സജിയുടേതു കൊലപാതകമാണെന്നു തെളിയിക്കുന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞദിവസം കൈമാറിയിരുന്നു. മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ വെട്ടാണു മരണകാരണമെന്നും സ്ഥിരീകരിച്ചു. തുടര്‍ന്നാണു കേസ് കൊലപാതകമായി രജിസ്റ്റര്‍ ചെയ്തത്.

ക്രൈംബ്രാഞ്ച് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്‌ഐമാരായ എം. ശശിധരന്‍, കെ.പി. ഗോപിനാഥന്‍, വി.വി. ശിവന്‍, പി.പി. ഷാജന്‍, എഎസ്‌ഐ ഒ.വി. വിനോദ്, സീനിയര്‍ സിപിഒമാരായ പി.കെ. ഹരി, കെ.വി. ജിജേഷ്, സിപിഒമാരായ സുധീഷ്, ടി.വി. ബിജു, ഡിവിആര്‍ സീനിയര്‍ സിപിഒ പി.എം. ഷാജി എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.