Latest News

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് ഇരുട്ടില്‍ തപ്പുന്നു; സൂത്രധാരനുള്‍പ്പെടെ മൂന്ന് കവര്‍ച്ചക്കാര്‍ കാണാമറയത്ത്‌

കാസര്‍കോട്:[www.malabarflash.com] കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണ്ണാഭരണങ്ങളും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ സൂത്രധാരനുള്‍പ്പെടെ മൂന്ന് കവര്‍ച്ചക്കാരെ കണ്ടെത്താനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു.

കവര്‍ച്ച ചെയ്യപ്പെട്ട സര്‍ണ്ണാഭരണങ്ങളില്‍ പകുതി ദുല്‍ദുല്‍ ഷെരീഫിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. ബാക്കി സ്വര്‍ണം ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പേരുടെ കൈയ്യിലുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. 

ചൗക്കി സ്വദേശി മുജീബ്, തെക്കന്‍ ജില്ലക്കാരനായ ജോമോന്‍, ജോമോന്റെ സുഹൃത്ത് എന്നിവരാണ് ഒളിവിലുള്ളത്. ബാങ്ക് കൊള്ള ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത് മുജീയാണത്രേ.
കവര്‍ച്ച നടന്നയുടന്‍ സംഘത്തിലെ മറ്റുള്ളവരെ പറ്റിച്ച് ഒരു ഭാഗം സ്വര്‍ണാഭാരണങ്ങളും പണവും കൈക്കലാക്കി മുജീബും മറ്റ് രണ്ട് കവര്‍ച്ചക്കാരും നാടു വിടുകയായിരുന്നു. 

മുജീബോ മറ്റു രണ്ടു കവര്‍ച്ചക്കാരോ കൊള്ള സംഭവം നടന്നതിനു ശേഷം ഒരിടത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടട്ടില്ല. സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ ഇവര്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് പോലീസിന്റെ തുടരന്വേഷണം വഴിമുട്ടിച്ചത്. 

മംഗലാപുരം ബന്തര്‍ തുറമുഖത്ത് മത്സ്യബന്ധനം നടത്തുകയും വഴിയോരത്ത് അന്തിയുറങ്ങുകയും പതിവാക്കിയവരാണ് മുജീബിനോടൊപ്പം ഒളിവിലുള്ള ജോമോനും സുഹൃത്തുമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിരം മദ്യപാനികളായ ഇവരെ കൈയ്യിലെടത്തതും കവര്‍ച്ച നടത്താന്‍ ചൗക്കിലെത്തിച്ചതും മുജീബാണെന്ന് പോലീസ് കരുതുന്നു. മുജീബുള്‍പ്പെടെ മൂന്ന് പേരും ഉത്തരേന്ത്യയിലെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ അടിപൊളി ജീവിതം നയിച്ചു വരികയാണെന്നാണ് പോലീസിന്റെ അനുമാനം. 

മംഗലാപുരത്തെ ലോഡ്ജില്‍ വെച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പേര്‍ എവിടെയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുകയും ചെയ്താല്‍ മാത്രമേ കുഡ്‌ലു ബാങ്ക് കവര്‍ച്ചയുടെ പിന്നിലുള്ള ദുരൂഹത നീക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് കരുതുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.