Latest News

എന്‍ഫോഴ്‌സ്‌മെന്റ് ചമഞ്ഞ് ജ്വല്ലറിയുടെ ഒന്നേകാല്‍ കിലോഗ്രാം സ്വര്‍ണ്ണം തട്ടിയെടുത്തു

കോഴിക്കോട്:[www.malabarflash.com] എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ മൂന്നംഗസംഘം ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ഒരുകിലോയിലധികം സ്വര്‍ണാഭരണം കവര്‍ന്നശേഷം വഴിയിലുപേക്ഷിച്ച് കടന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെ പാളയത്തെ പഴയ ഡേവിസണ്‍ തിയറ്ററിന് സമീപമാണ് സംഭവം.

രാംമോഹന്‍ റോഡിലെ ആലുക്കാസ് ജ്വല്ലറി ജീവനക്കാരന്‍ ബാലുശ്ശേരി വാകയാട് ടിജിന്‍ കുട്ടികൃഷ്ണനാണ് (28) ആക്രമിക്കപ്പെട്ടത്. ഒരുമണിക്കൂറോളം പലയിടത്തും ചുറ്റിക്കറങ്ങിയശേഷം മെഡിക്കല്‍ കോളജിനടുത്ത ദേവഗിരി സാവിയോ എല്‍.പി സ്‌കൂളിനുമുന്നില്‍ ടിജിനെ തള്ളിയിട്ട് സംഘം രക്ഷപ്പെട്ടു. അക്രമികള്‍ ചാരനിറമുള്ള മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് എത്തിയതെന്നാണ് മൊഴി. അക്രമികള്‍ തട്ടിയ ടിജിെന്റ മൊബൈല്‍ഫോണ്‍ വൈകീട്ട് 4.43ന് മാവൂരിനടുത്ത ചെറൂപ്പ ടവര്‍ പരിധിയിലൂടെ പോയതായി പോലീസ് കണ്ടെത്തി.

ടിജിന്‍ പറയുന്നത്: ഡേവിസണ്‍ തിയറ്ററിനുപിറകിലെ പി.വി.എം അസെ സെന്ററില്‍ 1.130 കിലോ തൂക്കംവരുന്ന ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച് സ്‌കൂട്ടറില്‍ പോകവെ പാളയം അന്‍ഹാര്‍ ഹോട്ടലിനുസമീപം കാറിലെത്തിയ സംഘം തടഞ്ഞു. ചാടി പുറത്തിറങ്ങിയ സംഘം എന്‍ഫോഴ്‌സ്‌മെന്റുകാരാണെന്നറിയിച്ചു. സംഭവംകണ്ട് ജനം തടിച്ചുകുടുന്നതിനിടെ ഒരാള്‍ സ്‌കൂട്ടറിലെ താക്കോലെടുത്ത് സീറ്റ് തുറന്ന് ആഭരണ പാക്കറ്റ് കൈക്കലാക്കി. എന്‍ഫോഴ്‌സ്‌മെന്റാണെന്നും കള്ള സ്വര്‍ണമാണെന്ന് സംശയിക്കുന്നതിനാല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയാണെന്നും അറിയിച്ചു. ഹെല്‍മറ്റ് സഹിതം ടിജിനെ കാറിലേക്ക് വലിച്ചുകയറ്റി.

ഹാള്‍മാര്‍ക്ക് സ്ഥാപനത്തിന്റെ ചാലപ്പുറത്തുള്ള മാനേജറെ കാണണമെന്നു പറഞ്ഞ സംഘം കാര്‍ പൂന്താനം ജങ്ഷന്‍വഴി തളി ഭാഗത്തേക്ക് വിട്ടു. തളിറോഡ്, പുതിയപാലം, കോംട്രസ്റ്റ്, മിനി ബൈപാസ്, മിംസ് വഴി കാര്‍ മുന്നോട്ടുപോകുന്നതിനിടെ വഴിയില്‍കണ്ട ട്രാഫിക് പൊലീസുകാരനോട് ടിജിന്‍ സഹായമഭ്യര്‍ഥിച്ചു. ഉടന്‍ അക്രമികള്‍ കാറിനുള്ളില്‍ തള്ളിയിട്ടു. പല വഴികളിലൂടെ ചുറ്റിക്കറങ്ങി തൊണ്ടയാട് ബൈപാസിലെത്തി. പാലാഴി റോഡുവഴി ദേവഗിരി കോളജ് ഭാഗത്തെത്തി. സാവിയോ ഹൈസ്‌കൂളിന് സമീപം വിജനമായസ്ഥലത്ത് റോഡിലുപേക്ഷിച്ചു. സംഘം വലിച്ചെറിഞ്ഞ ഹെല്‍മറ്റിന്റെറ ഭാഗം ഇവിടെനിന്ന് പോലീസ് കണ്ടെടുത്തു.

സ്‌കൂള്‍ പരിസരത്തുനിന്ന് രക്ഷപ്പെട്ടെത്തിയ ടിജിന്‍ ആലുക്കാസ് ഉടമയെ വിവരമറിയിക്കുകയായിരുന്നു.

ആലുക്കാസിലെ സെയില്‍സില്‍ ജോലിചെയ്ത ടിജിന്‍ നാലുവര്‍ഷമായി അക്കൗണ്ട്‌സിലാണ്. വിവരമറിഞ്ഞ് സിറ്റി പോലീസ് കമീഷണര്‍ പി.എ. വത്സന്‍, ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി തുടങ്ങി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ചെറൂപ്പയില്‍നിന്നും മലപ്പുറം ജില്ലയിലേക്കുള്ള വഴിയിലൂടെ സംഘം രക്ഷപ്പെട്ടതായി കരുതുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.