Latest News

ഭൂകമ്പം: പാകിസ്താനിലും അഫ്ഗാനിസ്താനിലും മരിച്ചത് 236 പേര്‍; ഇന്ത്യയില്‍ മൂന്ന് മരണം

കാബൂള്‍/പെഷാവര്‍:[www.malabarflash.com] അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ 236 മരണം. 1000 ഓളം പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനില്‍ എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 200 പേരും അഫ്ഗാനിസ്താനില്‍ 36 പേരും ഇന്ത്യയില്‍ മൂന്ന് പേരും മരിച്ചു. വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ജനങ്ങള്‍ ഇറങ്ങിയോടി. വാര്‍ത്താ വിനിമയ ബന്ധം താറുമാറായി. കേരളത്തില്‍ കൊച്ചിയിലും നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

പ്രഭവകേന്ദ്രം ഹിന്ദുക്കുഷ്
കാബൂളിന് 254 കിലോമീറ്റര്‍ വടക്കുകിഴക്ക് മാറി ഫൈസാബാദിന് സമീപം ഹിന്ദുക്കുഷ് പര്‍വത മേഖലയില്‍ 213 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.39നുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യം 7.7 ആണ് തീവ്രത കണക്കാക്കിയത്. ഇത് പിന്നീട് 7.6 ആയും 7.5 ആയും കുറച്ചു.
മരിച്ചവരില്‍ 12 സ്‌കൂള്‍ കുട്ടികള്‍
വടക്കന്‍ അഫ്ഗാന്‍ നഗരമായ തലോഖാനില്‍ തകര്‍ന്ന സ്‌കൂളില്‍നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടിയ 12 പെണ്‍കുട്ടികള്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യയായ നംഗാഹറില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബഗ്ലാന്‍ പ്രവിശ്യയില്‍ ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 12 കുട്ടികള്‍ക്ക് പരിക്കേറ്റു.


പാക് നഗരങ്ങള്‍ നടുങ്ങി
പാകിസ്താനിലെ വടക്കന്‍ നഗരങ്ങളായ പെഷാവര്‍, ഇസ്‌ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, സര്‍ഗോധ, ക്വെറ്റ, മുള്‍ത്താന്‍ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. പെഷാവറില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 100 പേരെ നഗരത്തിലെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 10 പേര്‍ക്ക് പരിക്കേറ്റു. ആദ്യ ഭൂകമ്പമുണ്ടായി 40 മിനിറ്റ് കഴിഞ്ഞ് 4.8 തീവ്രതയുള്ള തുടര്‍ ചലനവുമുണ്ടായി. ഖൈബര്‍ പക്തൂണ്‍ മുഖ്യമന്ത്രി പര്‍വേസ് ഘട്ടക് മുഴുവന്‍ ആശുപത്രികളിലും അടിയന്തര സാഹചര്യം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ നിയോഗിച്ചു. മുഴുവന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കും പ്രവിശ്യാ സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കി.


കാബൂള്‍ രണ്ടു മിനിറ്റ് വിറച്ചു
കാബൂള്‍ നഗരത്തില്‍ രണ്ടു മിനിറ്റോളം കെട്ടിടങ്ങള്‍ക്ക് കുലുക്കമുണ്ടായി. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിയോടി.


ഉത്തരേന്ത്യയിലും ചലനം
ഇന്ത്യയില്‍ തലസ്?നഥാനമായ ഡല്‍ഹിക്ക് പുറമെ കശ്മീര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. കശ്മീരില്‍ നിരവധി കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വിള്ളലുണ്ടാകുമെന്ന് ഭയന്ന് ശ്രീനഗര്‍ ഫ്‌ലൈ ഓവര്‍ അടച്ചിട്ടു. ജമ്മുവിലെ റീസി യില്‍ പാറ വീണ് 16 കാരനായ മുഹമ്മദ് അശ്‌റഫാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് അഹമ്മദിന് പരിക്കേറ്റു. വടക്കന്‍ കശ്മീരിലെ ബിജ്‌ബെഹാരയില്‍80 കാരിയായ ഫാത്തിമയും തെക്കന്‍ കാശ്മീരിലെ ബാരാമുല്ലയില്‍ 65 കാരിയായ സൂനാ ബീഗവുമാണ് മരിച്ചത്. ഇരുവരും ഭൂകമ്പത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.


കാബൂളില്‍ ഇന്ത്യക്കാര്‍ സുരക്ഷിതര്‍
കാബൂളിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യക്കാരുടെ വസ്തുവകകള്‍ക്ക് നാശമുണ്ടായതായും റിപ്പോര്‍ട്ടില്ല.ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ഭൂചലനത്തിന്റെ സാഹചര്യത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനിലും വേണ്ട സഹായം ചെയ്യാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.