Latest News

കള്ളനോട്ട് കേസില്‍ കുടുങ്ങിയ മലയാളി ജയില്‍മോചിതനായി

ഷാര്‍ജ:[www.malabarflash.com] കള്ളനോട്ട് കേസില്‍ കുടുങ്ങി നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവന്ന മലയാളി യുവാവിനെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി യുഎഇ സുപ്രീംകോടതി വെറുതെവിട്ടു. ഷാര്‍ജയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എടപ്പാള്‍ സ്വദേശി അബ്ദുല്‍ റഷീദ് (34) ആണ് കഴിഞ്ഞദിവസം ജയില്‍ മോചിതനായത്.

ജൂണ്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്നു സ്ഥാപനത്തില്‍ ലഭിച്ച 1.06 ലക്ഷം രൂപയില്‍നിന്നു കുണ്ടറ സ്വദേശി 15,000 രൂപ വാങ്ങുകയും ഇതു കേരളത്തിലേക്കുപോയ അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യില്‍ കൊടുത്തുവിടുകയും ചെയ്തു. മകന്റെ വിദ്യാഭ്യാസ വായ്പ അടയ്ക്കാന്‍ ഇവര്‍ എസ്ബിഐ ഇന്ത്യ കുണ്ടറ ശാഖയിലെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയും അഞ്ചുദിവസം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു.

ഈ സംഖ്യയില്‍ ആയിരത്തിന്റെ ഒന്‍പത് നോട്ടുകളാണ് വ്യാജമായിരുന്നത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പണമിടപാടു സ്ഥാപനത്തിനെതിരെ ഷാര്‍ജ അല്‍ ഗര്‍ബ് പൊലീസ് സ്‌റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നു. അന്നു കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അബ്ദുല്‍ റഷീദിനെ ഷാര്‍ജ പൊലീസ് സിഐഡി കസ്റ്റഡിയിലെടുത്തു.

അബ്ദുല്‍ റഷീദിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുകയും താമസസ്ഥലത്തു പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. 58 ദിവസം അല്‍ ഗര്‍ബ് പൊലീസ് സ്‌റ്റേഷനിലും 77 ദിവസം അബുദാബി അല്‍ വത്ബ സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞു. ഇത്രയും നാള്‍ കഠിനമായ മാനസിക പിരിമുറുക്കം അനുഭവിച്ചതായി അബ്ദുല്‍ റഷീദ് പറഞ്ഞു.

പലരും കള്ളനോട്ടടിക്കാരനെ പോലെ നോക്കി. നാട്ടിലും വാര്‍ത്ത പരന്നതോടെ വീട്ടുകാരും പ്രയാസമനുഭവിച്ചു. എന്നാല്‍ നിരപരാധിത്വം എന്നെങ്കിലും തെളിയാതിരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഷാര്‍ജയിലെ മുഹമ്മദ് സല്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടിലെ അഭിഭാഷകന്‍ അബ്ദുല്ല മുഹമ്മദ് സല്‍മാന്‍ അല്‍ മര്‍സൂഖിയാണ് അബ്ദുല്‍ റഷീദിനു വേണ്ടി കോടതിയില്‍ ഹാജരായത്.

പണമിടപാട് സ്ഥാപനം കേസ് നടത്തിപ്പിനു സാമ്പത്തിക സഹായം നല്‍കി. അബ്ദുല്‍ റഷീദിന് ഇതേസ്ഥാപനത്തില്‍ തന്നെ ജോലി തിരികെ ലഭിച്ചു. പിടികൂടിയത് യഥാര്‍ഥ കറന്‍സിയോട് കിടപിടിക്കുന്ന നോട്ടുകള്‍ ഷാര്‍ജയിലെ പണമിടപാടു സ്ഥാപനത്തിന്റെ അപേക്ഷ പ്രകാരം പൊലീസ് ബാക്കി ഇന്ത്യന്‍ കറന്‍സികള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ലഭിച്ചതായി നിയമപ്രതിനിധി മുഹമ്മദ് അലവി പറഞ്ഞു.

യഥാര്‍ഥ നോട്ടുകളോട് കടപിടിക്കുന്ന ഇവ യുഎഇയില്‍ ഇതുവരെ പിടികൂടിയ കള്ളനോട്ടുകളില്‍ ഏറ്റവും കൃത്യതയുള്ളതാണെന്ന് അഭിഭാഷകനായ അബ്ദുല്ല മുഹമ്മദ് സല്‍മാന്‍ പറഞ്ഞു. കള്ളനോട്ടുകള്‍ കണ്ടെത്താന്‍ യുഎഇയില്‍ മള്‍ട്ടി സ്‌കാനിങ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ മിക്ക പണമിടപാട് സ്ഥാപനങ്ങളിലും ഇതുണ്ട്.

എന്നാല്‍, ഈ യന്ത്രത്തിനും പിടികിട്ടാത്ത കള്ളനോട്ടുകളാണ് ഇവിടെ കണ്ടെത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ കറന്‍സികളുടെയും ഡോളറുകളുടെയും വ്യാജന്മാര്‍ യുഎഇയില്‍ എത്താറുണ്ട്. ഇവ കൃത്യമായി കണ്ടെത്തുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയറുണ്ടെങ്കിലും ഇന്ത്യന്‍ രൂപയുടെ വ്യാജന്മാരെ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയര്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ലത്രേ.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.