Latest News

വാട്‌സ് ആപ്പ് വഴി ദുബായ് പ്രവാസിയുടെ തലാഖ്; മെഡിക്കല്‍ വിദ്യാര്‍ഥിനി വനിതാ കമ്മീഷനില്‍ പരാതി നല്‍കി

പാലാ:[www.malabarflash.com]വാട്‌സ് ആപ്പ് വഴി തലാഖ് ചൊല്ലി 10 ലക്ഷം രൂപയും 80 പവനുമായി മുങ്ങിയ യുവാവിനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥിനി വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ചേര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി.

നാലുമാസം മുമ്പാണ് വിവാഹിതരായതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ വരന്‍ ജോലിസ്ഥലമായ ദുബായിലേയ്ക്ക് തിരികെ പോവുകയും ചെയ്തു.

പിന്നീട് കുറച്ചു ദിവസത്തേയ്ക്ക് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വാട്‌സ് ആപ്പ് വഴി തലാഖ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അക്കമിട്ട് എഴുതിയ ശേഷം മൊഴി ചൊല്ലിയിരിക്കുന്നുവെന്നുമാണ് സന്ദേശം വന്നത്.

സന്ദേശം അയച്ചശേഷവും ഇയാളുടെ വിവരമൊന്നുമില്ല. വിവാഹസമയത്ത് നല്‍കിയ പണവും സ്വര്‍ണവുമായി വരന്‍ കടന്നുകളഞ്ഞതായാണ് പെണ്‍വീട്ടുകാരുടെ സംശയം.

പരാതി പരിഗണിച്ച വനിതാ കമ്മീഷന്‍ ഇത്തരം ഒരു തലാഖിന് യാതൊരു നിയമസാധുതയും ഇല്ലെന്ന് വ്യക്തമാക്കി. മതാധികാരികള്‍ രണ്ടു കൂട്ടരോടും നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാണ് തലാഖ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചത് തികച്ചും നിയമവിരുദ്ധമാണെന്ന് വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവി പറഞ്ഞു.

ഈ സംഭവത്തില്‍ വരന്റെ വീട്ടുകാരെ അടുത്ത അദാലത്തില്‍ എത്തിക്കാന്‍ ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ദുബായിലുള്ള വരനെ ബന്ധപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയെ ചുമതലപ്പെടുത്തി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.