Latest News

പാചകവാതക ഏജന്‍സി ഉടമയെ കൊല്ലാന്‍ തന്ത്രങ്ങളൊരുക്കിയത് ഭാര്യ ; കൂട്ടാളി പിടിയില്‍

കൊച്ചി:[www.malabarflash.com] വളാഞ്ചേരിയ്ക്കടുത്ത് വെണ്ടലൂരില്‍ പാചകവാതക ഏജന്‍സി ഉടമ വിനോദ്കുമാര്‍ കൊലപാതകക്കേസിലെ പ്രതി പിടിയില്‍. എറണാകുളം സ്വദേശി യൂസഫാണ് പോലീസ് പിടിയിലായത്. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതിയുടെ അടുത്ത സുഹൃത്താണ് ഇയാള്‍. വിനോദിന്റെ ഭാര്യക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എറണാകുളത്ത് നിന്നും കസ്റ്റഡിയിലെടുത്ത യൂസഫിനെ വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. യൂസഫിനെ ശനിയാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.

കൊല്ലപ്പെട്ട വിനോദിന് ജ്യോതിയെ കൂടാതെ മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ട്. സ്വത്ത് മുഴുവന്‍ അവര്‍ക്ക് എഴുതിവയ്ക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് വിനോദിനെ കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കവര്‍ച്ച നടത്തുക എന്ന വ്യാജേനയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ മോഷണം ലക്ഷ്യമിട്ടല്ല കൊലപാതകമെന്ന് പോലീസ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. ജ്യോതിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിയിക്കാന്‍ പോലീസിനെ സഹായിച്ചത്. 

രാത്രി ഒരുമണിയോടെ ബാത്ത്‌റൂമിലേക്കു പോവുമ്പോള്‍ മുഖത്തടിയേറ്റ് ബോധരഹിതയായി വീണുപോയെന്നും ഒന്നും ഓര്‍മയില്ലെന്നുമാണ് ജ്യോതി നല്‍കിയ മൊഴി. കഴുത്തിന് വെട്ടേറ്റ ജ്യോതി ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.05നുശേഷമാണ് കൊലനടന്നതെന്ന് കരുതുന്നു. 1.05ന് വിനോദ്കുമാര്‍ ഗ്യാസ് ഏജന്‍സിയുടെ അസിസ്റ്റന്റ് മാനേജര്‍ വിനോദിനെ വിളിച്ചിരുന്നു. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. മറ്റൊരു നമ്പറില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് അസിസ്റ്റന്റ് മാനേജര്‍ പോലീസിനോട് പറഞ്ഞത്. രാവിലെ ഒന്‍പതേകാലോടെ തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമ പത്രമെടുക്കാന്‍വന്നപ്പോഴാണ് വിവരമറിയുന്നത്.

വിനോദ്കുമാര്‍ കിടപ്പുമുറിയില്‍ പൂര്‍ണനഗ്‌നനായി ചോരയില്‍ക്കുളിച്ചു കിടക്കുകയായിരുന്നു. ശരീരത്തില്‍ 32 വെട്ടുകളേറ്റിരുന്നു. ജ്യോതി സ്വീകരണമുറിയില്‍ പാതി അബോധാവസ്ഥയിലും. ജ്യോതിയുടെ മുറിവ് അത്ര ആഴത്തിലുള്ളതായിരുന്നില്ല. 

വളാഞ്ചേരി കൊപ്പംറോഡില്‍ രാഹുല്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വിനോദ്കുമാറും കുടുംബവും ഒന്നരവര്‍ഷമായി വെണ്ടല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മകന്‍ രാഹുല്‍ ബെംഗളൂരുവില്‍ ജോലിചെയ്യുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.