Latest News

മുസ്ലിം ലീഗിനെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്താന്‍ ഒരു ശക്തിക്കുമാവില്ല-വി.എം സുധീരന്‍

കാസര്‍കോട്:[www.malabarflash.com] മുസ്ലിം ലീഗിനെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ഒരു ശക്തിക്കുമാകില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭ-2015 പരിപാടിയില്‍ പറഞ്ഞു.

സി.പി.എമ്മുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനുമില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അസന്നിഗ്ധമായി പറഞ്ഞിട്ടുള്ളതാണ്. ലീഗ് വ്യക്തമായ നിലപാടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസുമായുള്ള ലീഗിന്റെ ബന്ധം സംവത്സരങ്ങളായി നിലനില്‍ക്കുന്നതാണ്. ബാഫഖി തങ്ങളുടെ കാലം മുതല്‍ ഊട്ടിയുറപ്പിക്കപ്പെട്ട ബന്ധമാണത്. താല്‍ക്കാലികമായ ലാഭത്തിന് വേണ്ടി തട്ടിക്കൂട്ടിയ ഒരു കൂടല്ല ലീഗ്-കോണ്‍ഗ്രസ് ബന്ധമെന്നും സുധീരന്‍ പറഞ്ഞു. 

ലീഗിനെ അനുനയിപ്പിക്കുന്ന തരത്തില്‍ പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകള്‍ സി.പി.എമ്മിനകത്തെ പ്രശ്‌നങ്ങളില്‍ നിന്ന് മുഖം തിരിക്കാനാണെന്നും സുധീരന്‍ പറഞ്ഞു.
സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാമെന്ന ബി.ജെ.പിയുടെ തന്ത്രം കേരളത്തില്‍ വിലപോവില്ല. എസ്.എന്‍.ഡി.പി നേതാക്കള്‍ മോഡിയേയും അമിത്ഷായെയും കണ്ടത് എന്തോ തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നുവെന്ന പ്രത്യാശയോടെയാണ്. അങ്ങനെ തോന്നിയ സാഹചര്യത്തിലാണ് ഒരു മൂന്നാം മുന്നണിക്ക് നീക്കമെന്നൊക്കെയുള്ള പ്രചാരണമുണ്ടായത്. അത്തരത്തിലുള്ള നീക്കങ്ങള്‍ കേരളത്തില്‍ വില പോകില്ല. എസ്.എന്‍.ഡി.പി നീക്കം ശ്രീ നാരായണ ഗുരുവിനെ സ്‌നേഹിക്കുന്നവര്‍ അനുവദിച്ച് കൊടുക്കില്ലെന്നും സുധീരന്‍ പറഞ്ഞു. 

സംഘപരിവാര്‍ തന്ത്രമാണ് ബീഫ് ഫെസ്റ്റ്. അങ്ങനെയൊരു കെണിയുണ്ടാക്കി എതിര്‍ പ്രചരണങ്ങള്‍ വരുമ്പോള്‍ ലാഭം കൊയ്യാനാണ് അവരുടെ ശ്രമം. ആ കെണിയില്‍ നാം പെട്ടുപോകാന്‍ പാടില്ല. കേരളത്തില്‍ ബീഫ് നിരോധനം പോലുള്ള കാര്യങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആര് നയിക്കുമെന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമേ അല്ല. അതൊക്കെ അതാത് സമയത്ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കെ.പി.സി.സി പ്രസിഡണ്ട് വ്യക്തമാക്കി. വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണവര്‍. ബി.ജെ.പി വര്‍ഗീയത ഇളക്കി വിട്ട് ലാഭം കൊയ്യാന്‍ ശ്രമിക്കുമ്പോള്‍ സി.പി.എം കേരളത്തില്‍ രാഷ്ട്രീയ ഭീകരതയുടെ ക്രൂരമുഖമാണ് കാണിക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ അവര്‍ ഇല്ലാതാക്കുന്നു. സ്ഥാനാര്‍ത്ഥികളായി കൊലക്കേസ് പ്രതികളെ ഇറക്കുന്നു. അക്രമരാഷ്ട്രീയത്തിന് പച്ചക്കൊടി കാട്ടുന്ന സമീപനമാണ് സി.പി.എമ്മിന്റേത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടത്തിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലാവും തദ്ദേശ തിരഞ്ഞെടുപ്പെന്ന് സുധീരന്‍ വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേത് കംഫര്‍ട്ടബിള്‍ വിക്ടറി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് നിലമ്പൂര്‍ സ്വാഗതവും വിനോദ് പായം നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി ജോസ് എന്നിവരും സുധീരനോടൊപ്പം ഉണ്ടായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.