Latest News

കൊല്ലത്ത് രണ്ടു കുടുംബങ്ങളിലെ ആറു പേര്‍ മരിച്ച നിലയില്‍

ചാത്തന്നൂര്‍:[www.malabarflash.com] രണ്ടു കുടുംബങ്ങളിലെ മൂന്നു കുട്ടികളടക്കം ആറുപേര്‍ മരിച്ച നിലയില്‍. ചാത്തന്നൂര്‍ പോളച്ചിറ ഗുരുകുലം ക്ഷേത്രത്തിനു സമീപത്തും ഉദയകല ക്ലബ്ബിനു സമീപത്തും ആയിരുന്നു സംഭവം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായിരിക്കാം സംഭവമെന്നു പോലീസ് പറയുന്നു.

പോളച്ചിറ ഗുരുകുലം ക്ഷേത്രത്തിനു സമീപം ലളിത വിലാസത്തില്‍ അരുണ്‍കുമാര്‍ പിളളയുടെ ഭാര്യ അര്‍ച്ചന(30), പെണ്‍മക്കളായ അനു(ഒമ്പത്), എമി(അഞ്ച്), പോളച്ചിറ ഉദയകല ക്ലബ്ബിനു സമീപം രതീഷ്ഭവനില്‍ രതീഷ്(28), ഭാര്യ ശരണ്യ(21), മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന യദുകൃഷ്ണ(രണ്ടര) എന്നിവരാണു മരിച്ചത്. സിപിഐ പോളച്ചിറ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അര്‍ച്ചന. ഭര്‍ത്താവ് അരുണ്‍കുമാര്‍ പിളള വിദേശത്താണ്.

അര്‍ച്ചനയ്ക്കു നാട്ടില്‍ ഉണ്ടായിരുന്ന ചില സാമ്പത്തിക ഇടപാടുകള്‍ കുടുംബപ്രശ്‌നങ്ങളായി വളര്‍ന്നിരുന്നതായി പോലീസ് പറയുന്നു. പലരില്‍നിന്നും പണം വാങ്ങി അര്‍ച്ചന മറ്റുളളവര്‍ക്കു പലിശയ്ക്കു നല്‍കിവന്നിരുന്നു. ഇതില്‍ അര്‍ച്ചന നല്‍കാനുളള പണം തിരികെ നല്‍കുകയും കിട്ടാനുളള പണം ലഭിക്കാതെ വരികയും ചെയ്തതോടെ ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ദിവസവും വൈകുന്നേരത്തോടെ ചിറക്കരയിലെ കുടുംബവീട്ടിലെത്തി അവിടെയായിരുന്നു അര്‍ച്ചനയും കുട്ടികളും ഉറങ്ങിയിരുന്നത്.

ഞായറാഴ്ച ചിറക്കരയിലെത്തിയെങ്കിലും മൂവരും പോളച്ചിറയിലെ വീട്ടിലേക്കു മടങ്ങി. രാത്രി അര്‍ച്ചനയുടെ അച്ഛന്‍ വിജയന്‍പിളള ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നു പറയുന്നു.

ഞായറാഴ്ച രാവിലെ എട്ടോടെ വിജയന്‍പിളള അര്‍ച്ചനയുടെ വീട്ടില്‍ എത്തി. അപ്പോള്‍ വാതില്‍ പൂട്ടുകയോ അകത്തുനിന്നു കുറ്റിയിടുകയോ ചെയ്യാതെ ചാരിയ നിലയിലായിരുന്നു.

വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ കുട്ടികളെ മരിച്ച നിലയില്‍ കിടക്കയിലും അര്‍ച്ചനയെ ഫാനില്‍ തൂങ്ങിയ നിലയിലും കാണപ്പെടുകയായിരുന്നു. ഇദ്ദേഹ ത്തിന്റെ നിലവിളികേട്ടു പരിസ രവാസികള്‍ ഓടിക്കൂടി. വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥല ത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടയിലാണു സമീപവാസികളായ രതീഷ്, ശരണ്യ, യദുകൃഷ്ണ എന്നിവരുടെ മരണവിവരം അറിയുന്നത്.

ശരണ്യയുടെ മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലും യദുകൃഷ്ണന്റേത് കട്ടിലില്‍ കിടക്കുന്ന നിലയിലും രതീഷിന്റേത് മറ്റൊരു മുറിയില്‍ തൂങ്ങിയ നിലയിലും ആയിരുന്നു കാണപ്പെട്ടത്. യദുകൃഷ്ണയെ കഴുത്തു ഞെരിച്ച് കൊന്നതായാണ് അടയാളങ്ങള്‍ സൂചിപ്പിക്കുന്നതെന്നു പോലീസ് പറഞ്ഞു. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ച ശരണ്യ വിവാഹത്തിനു മുമ്പ് രതീഷിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പോളച്ചിറ നന്ദഗോകുലത്തില്‍ രാജന്‍പിളളയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും ഫാമിലെ പത്തു പശുക്കളെ കയറഴിച്ചുവിടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ രതീഷിന്റെ പങ്കിനെക്കുറിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തവേയാണു രണ്ടു കുടുംബങ്ങളിലെ കൂട്ടമരണം പുറംലോകം അറിഞ്ഞത്.

അര്‍ച്ചനയുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. സംസ്‌കാരം തിങ്കളാഴ്ച ഭര്‍ത്താവ് അരുണ്‍ കുമാര്‍ പിള്ള എത്തിയശേഷം വീട്ടുവളപ്പില്‍ നടക്കും.

ഇവരുടെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഗുളികകളും മരുന്നുകളും അടക്കമുളള വസ്തുക്കള്‍ നിക്ഷേപിച്ചതായി പിന്നീടു കണ്ടെത്തി. അഞ്ചുമാസം മുമ്പ് ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് അര്‍ച്ചനയെ നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നിരവധി തവണ അര്‍ച്ചനയ്ക്ക് ആശുപത്രി അധികൃതര്‍ കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു.

രണ്ടു വീടുകളിലെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണു പോലീസ്. രതീഷും അര്‍ച്ചനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. രതീഷ്, ശരണ്യ, യദുകൃഷ്ണന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ചാത്തന്നൂര്‍ എസിപി ശിവപ്രസാദ്, പരവൂര്‍ സിഐ ബിജു, വനിതാ സിഐ സിസിലി, എസ്‌ഐ അനിത, പരവൂര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍, ചാത്തന്നൂര്‍ എസ്‌ഐ യു.പി. വിപിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം രണ്ടു വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചു.




Keywords: Kollam News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.