Latest News

കാഞ്ഞങ്ങാട്ട് മുന്നൂറോളം ദളിതര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട്:[www.malabarflash.com] ഓള്‍ ഇന്ത്യ മുല്‍നിവാസി ബഹുജന്‍ സമാജ് സെന്‍ട്രല്‍ സംഘി(എഐഎംബിഎസ്‌സിഎസ്)ന്റെയും പ്രബുദ്ധഭാരതസംഘം കേരള ഘടകത്തിന്റെയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് ഹൈന്ദവ സമുദായത്തിലെ പിന്നോക്കവിഭാഗത്തില്‍പ്പെട്ട മുന്നൂറോളം പേര്‍ ബുദ്ധമതം സ്വീകരിച്ചു.

മലവേട്ടുവ, മലയ, മുഗര്‍, പുലയ വിഭാഗങ്ങളില്‍പ്പെട്ടവരാണ് ബുദ്ധമതം സ്വീകരിച്ചതില്‍ ഭൂരിഭാഗവും. 

മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ധമ്മദീക്ഷ ചടങ്ങില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ ആളുകളെത്തി. 

മൈസൂരുവിലെ ചേതനാവിഹാര്‍ കൊടഗാലയിലെ മനോരങ്കിത ബനേജി, മൈസൂര്‍ നളന്ദ സര്‍വകലാശാല സെക്രട്ടറി ബോധിദത്ത ബനേജി, ബംഗളൂരുവിനടുത്ത ദേവനഹള്ളി അശോക ബുദ്ധവിഹാറിലെ അനിരുദ്ധ ബനേജി, ബോധി ധര്‍മ്മ ബനേജി എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.


ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് തിസരണം, പഞ്ചശീലം, 22 പ്രതിജ്ഞകള്‍ എന്നിവ ചൊല്ലി ബുദ്ധമതം സ്വീകരിക്കുന്നതെന്നു സംഘാടകനായ സി.ജെ.കൃഷ്ണന്‍ പറഞ്ഞു. കാലാകാലങ്ങളായി ഹിന്ദുമതത്തില്‍നിന്നു ദളിതര്‍ നേരിടുന്ന അവഗണനയില്‍ മനംനൊന്താണു ഹിന്ദുമതം ഉപേക്ഷിച്ചതെന്നു സംഘാടകരിലൊരാളായ ബാലകൃഷ്ണന്‍ ചാമക്കൊച്ചി പറഞ്ഞു. 

ആറുമാസത്തിലൊരിക്കല്‍ ധമ്മ ദീക്ഷ ചടങ്ങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2001ല്‍ 1,000 ബുദ്ധമത അനുയായികള്‍ മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ 2011ലെ സെന്‍സസില്‍ 4,475 ആയി വര്‍ധിച്ചിട്ടുണെ്ടന്നും സംഘാടകര്‍ പറഞ്ഞു. 

പരിപാടിയുടെ ദേശീയ സംഘാടകന്‍ വിജയ് മന്‍കര്‍ അധ്യക്ഷതവഹിച്ചു. വന്‍ പോലീസ് സന്നാഹത്തോടെയാണു പരിപാടികള്‍ നടത്തിയത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.