Latest News

കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ചേര്‍ത്തല:[www.malabarflash.com] ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളിലായി നാലു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മാരാരിക്കുളം ബീച്ചില്‍ കുളിക്കാനിറങ്ങിയ കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികളായ കെവിന്‍ ബാബു (17), മയൂണ്‍ ബി. മാത്യു (17), തുറവൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കാവില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സഞ്ജയ് (15), പട്ടണക്കാട് എസ്‌യുവി ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സിബിന്‍ (15) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച രാവിലെ മാരാരിക്കുളം ബീച്ചില്‍ കെവിനും മയൂണും സുഹൃത്തുക്കളായ അശ്വിന്‍ ജോര്‍ജ്, അലന്‍ സി. സ്‌കറിയ എന്നിവരുമൊത്താണ് എത്തിയത്. തീരത്തു തിരയില്‍ രൂപപ്പെട്ട കുഴിയിലേക്കു വീഴുകയായിരുന്നു കെവിനും മയൂണും. അശ്വിനും അലനും കരയിലേക്കു നീന്തിക്കയറിയെങ്കിലും മറ്റു രണ്ടു പേരെയും കാണാതായി. അവശരായി കരയിലെത്തിയ അശ്വിനും അലനും സഹായത്തിനായി കൈകളുയര്‍ത്തിയെങ്കിലും ആദ്യം ആരും ശ്രദ്ധിച്ചില്ല. പിന്നീടു സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡാണ് അപകടം മനസിലാക്കിയത്.

തുടര്‍ന്നു നാട്ടുകാരുമായി കടലില്‍ നടത്തിയ തിരച്ചിലില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും മയൂണിന്റെ മൃതദേഹം കണ്ടെത്താനായില്ല. തോട്ടപ്പള്ളിയില്‍ നിന്നെത്തിയ കോസ്റ്റല്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഏഴു മണിക്കൂറോളം കഴിഞ്ഞാണു മയൂണിന്റെ മൃതദേഹം കിട്ടിയത്. സുഹൃത്തുക്കളായ നാലുപേരും കൂടി രണ്ടു ബൈക്കുകളിലായാണു ബീച്ചിലെത്തിയത്.

കോട്ടയം അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രത്തിനു സമീപം മന്നാകുളത്ത് വീട്ടില്‍ എം.സി. ബാബുവിന്റെയും (കോട്ടയം ഗവ.ഐടിഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍) ആന്‍സിയുടെയും (അധ്യാപിക, കല്ലറ സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍) മകനാണു കെവിന്‍. സഹോദരങ്ങള്‍ : സെബിന്‍, മെല്‍ബിന്‍.

വിദേശത്തു ജോലി ചെയ്യുന്ന കല്ലറ സൗത്ത് പെരുന്തുരുത്ത് വാരണത്തുവീട്ടില്‍ ബിജു മാത്യുവിന്റെയും ഷിജിയുടെയും മകനാണു മയൂണ്‍. സഹോദരന്‍ കിരണ്‍. കെവിന്റെയും മയൂണിന്റെയും മൃതദേഹം ഞായറാഴ്ചഉച്ചയ്ക്കു രണ്ടരയ്ക്ക് മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം പിന്നീട്.

ശനിയാഴ്ച വൈകിട്ടു നാലോടെയാണു സഞ്ജയും സിബിനും തുറവൂര്‍ ക്ഷേത്രത്തിനു മുന്നിലെ കുളത്തില്‍ കുളിക്കാനിറങ്ങവേ അപകടത്തില്‍ പെട്ടത് . സിബിന്റെ മാതൃസഹോദരപുത്രന്‍ ഷിബിനും ഒപ്പമുണ്ടായിരുന്നെങ്കിലും കരയില്‍ നില്‍ക്കുകയായിരുന്നു. സഞ്ജയും സിബിനും കുളത്തിനു മറുകരയിലെത്തിയ ശേഷം തിരികെ നീന്തുന്നതിനിടെ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഷിബിന്‍ ബഹളം വച്ചതിനെത്തുടര്‍ന്ന്, ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ പന്തല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ കുളത്തില്‍ ചാടി ഇരുവരെയും കരയിലെത്തിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സഞ്ജയും ആശുപത്രിയില്‍ സിബിനും മരിച്ചു.

മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടം ഞായറാഴ്ച നടക്കും. തുറവൂര്‍ വിഷ്ണുഭവനത്തില്‍ മോഹനന്റെയും ഗിരിജയുടെയും മകനാണു സഞ്ജയ്. സഹോദരന്‍ വിഷ്ണു. തുറവൂര്‍ എന്‍സിസി റോഡിനു സമീപം വാത്തുപറമ്പില്‍ സാബുവിന്റെയും മേരിയുടെയും മകനാണു സിബിന്‍. സഹോദരന്‍: ഷിജോ.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.