Latest News

മെന്‍ഡോസയുടെ ഹാട്രിക്കില്‍ ബ്ലാസ്‌റ്റേഴ്‌സ് മുങ്ങി

ചെന്നൈ:[www.malabarflash.com] ഉജ്ജ്വല ഫോമുമായി കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് എതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി. മെന്‍ഡോസ ടൂര്‍ണമെന്റിലെ തന്റെ രണ്ടാം ഹാട്രിക് കണ്ടെത്തിയപ്പോള്‍ ചെന്നൈയിന്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജയിച്ചു. ഇന്ന് നേടിയ മൂന്ന് ഗോളുകളോടെ ഒമ്പത് ഗോളുകളുമായി മെന്‍ഡോസ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.

മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ കണ്ടെത്തിയ ചെന്നൈയിനെതിരെ കേരള ടീം തികച്ചും നിഷ്പ്രഭമായി. പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പോലും മറന്ന ബ്ലാസ്‌റ്റേഴ്‌സ് കനത്ത തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ചെന്നൈയിന്‍ മുന്നേറ്റങ്ങള്‍ക്കും ഗോളുകള്‍ക്കുമിടയില്‍ പലപ്പോഴും ഗോള്‍കീപ്പര്‍ ബൈവാട്ടര്‍ മാത്രമാണുണ്ടായിരുന്നത്.

ബ്ലാസ്‌റ്റേഴസ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഇന്ത്യന്‍ താരം ധനചന്ദ്ര സിങ് ആണ് ചെന്നൈയിനായി ആദ്യ ഗോള്‍ നേടിയത്. മൂന്നാം മിനിറ്റില്‍ പിറന്ന ഗോളോടെ പ്രതിരോധത്തിലായ ബ്ലാസ്‌റ്റേഴ്‌സിന് ഇരട്ട പ്രഹരമായ പതിനാറാം മിനിറ്റില്‍ മെന്‍ഡോസ തന്റെ ആദ്യ ഗോള്‍ നേടി. (സ്‌കോര്‍: 2-0).

രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ന്നും തൊട്ടതെല്ലാ പിഴയ്ക്കുകയായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി മെന്‍ഡോസയും ജെജെയും ബോക്‌സിലെത്തിയപ്പോള്‍ കേരളം വലഞ്ഞു. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് കേരള പോസ്റ്റില്‍ പന്ത് കയറാതിരുന്നത്. എഴുപതാം മിനിറ്റില്‍ ലഭിച്ച തുറന്ന അവസരം ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിംഗാന്‍ തുലയ്ക്കുകയും ചെയ്തു.

എണ്‍പതാം മിനിറ്റിലാണ് ചെന്നൈയിന്റെ രണ്ടാം പകുതിയിലെ മുന്നേറ്റങ്ങള്‍ ഫലം കണ്ടത്. ബോക്‌സിനകത്ത് ലഭിച്ച പന്ത് പിഴവുകളില്ലാതെ മെന്‍ഡോസ വലയ്ക്കകത്താക്കി. (സ്‌കോര്‍: 3-0. തൊട്ടടുത്ത മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലഭിച്ച പന്ത് കേരള താരങ്ങളെ കാഴ്ചക്കാരാക്കി മെന്‍ഡോസ ഒരു സ്പര്‍ശത്തിലുടെ പോസ്റ്റിലെത്തിച്ചതോടെ കൊളംബിയന്‍ താരത്തിന്റെ ഹാട്രിക്കും ചെന്നൈയിന്റെ ​ഗോൾ പട്ടികയും പൂര്‍ത്തിയായി. (സ്‌കോര്‍: 4-0).

ഇംഗ്ലീഷ് താരം ആന്റോണിയോ ജെര്‍മെയ്‌നാണ് ബ്ലാസ്‌റ്റേഴസിനായി ഗോള്‍ നേടിയത്. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിനകത്ത് ലഭിച്ച പന്ത് ജെര്‍മെയ്ന്‍ ചെന്നൈ പ്രതിരോധത്തെ ഭേദിച്ച് പോസ്റ്റിലെത്തിക്കുകയായിരുന്നു. (സ്‌കോര്‍: 4-1).

തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായി. 11 കളികളില്‍ 11 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ ഇതോടെ മങ്ങി. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാലേ ബ്ലാസ്‌റ്റേഴ്‌സിന് സെമി സാധ്യത നിലനിര്‍ത്താനാവൂ. അവസാന സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ 11 കളികളില്‍ 13 പോയന്റോടെ ആറാം സ്ഥാനത്തെത്തി.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.