Latest News

ടിപ്പു ജയന്തി ആഘോഷത്തിനിടെ അക്രമം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

മടിക്കേരി:[www.malabarflash.com] കര്‍ണാടക സര്‍ക്കാറിന്റെ ടിപ്പുസുല്‍ത്താന്‍ ജന്മദിനാചരണത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ കുടകില്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായി. മടിക്കേരിയിലും വിരാജ്‌പേട്ടയിലും പോലീസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ മരിച്ചു. ഒരു വി എച്ച് പി നേതാവും വഴിയാത്രക്കാരനുമാണ് മരിച്ചത്.

കര്‍ണാടക സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിക്കുന്നതിനെതിരെ ദിവസങ്ങളായി സംഘ് പരിവാര്‍ സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. മടിക്കേരിയില്‍ നൂറുകണക്കിന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ടിപ്പു ജയന്തി ആഘോഷം നടക്കുന്ന ടൗണ്‍ ഹാളില്‍ ഇരച്ചുകയറി. തുടര്‍ന്ന് ഇരുവിഭാഗം മണിക്കൂറുകളോളം ഏറ്റുമുട്ടി. കുടക് എസ് പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. 

അക്രമികള്‍ തിരിച്ചു പോലീസിന് നേരെ കല്ലേറ് തുടര്‍ന്നു. ഇതിനിടെയാണ് വി എച്ച് പി ജില്ലാ നേതാവ് കുട്ടപ്പ (50) ഗുരുതരമായി പരുക്കേറ്റ് മരിച്ചത്. അക്രമം കണ്ട് ഭയന്നോടിയ മടിക്കേരിയിലെ രാജു (50) എന്നയാളുമാണ് മരിച്ചത്. അക്രമികളെ കണ്ട് ഭയന്നോടിയ രാജു തൊട്ടടുത്ത ബില്‍ഡിംഗിലേക്ക് കയറുമ്പോള്‍ കാല്‍തെന്നി തലയടിച്ച് വീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് രാജുവിന്റെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

പോലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് മടിക്കേരിയില്‍ 144-ാം വകുപ്പ് പ്രകാരം പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. മംഗളൂരു നഗരത്തില്‍ ടിപ്പു ജയന്തിദിനാഘോഷം തടഞ്ഞ നൂറോളം വിഎച്ച്പി പ്രവര്‍ത്തകര്‍ പോലീസ് തടങ്കലിലാണ്. നഗരത്തിലെ ജില്ലാ പരിഷത്ത് ആസ്ഥാനത്തായിരുന്നു ടിപ്പു ജയന്തി ആഘോഷം നടന്നത്. ബംഗളൂരുവിലെ തുംകൂരില്‍ കര്‍ണാടക മന്ത്രിയെ ജനക്കൂട്ടം മണിക്കൂറുകളായി തടഞ്ഞുവെച്ചതായാണ് റിപ്പോര്‍ട്ട്. 

മരിച്ച കുട്ടപ്പ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. കല്ലേറില്‍ കുട്ടപ്പയുടെ തലക്കാണ് പരുക്കേറ്റത്. കുടകിലെ സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുവാന്‍ മൈസൂരു ഉള്‍പ്പെടുയുള്ള സമീപജില്ലയില്‍ നിന്ന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്ത് മടിക്കേരിയില്‍ നിന്നും സിദ്ധാപുരത്തേക്ക് പോവുകയായിരുന്ന ശാഹുലി (25) ന് നേരെ ചെട്ടള്ളി അമ്പ്യാലയില്‍ വെച്ച് ഒരു സംഘം വെടിയുതിര്‍ത്തു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മൈസൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ടിപ്പുജയന്തിയുടെ പേരില്‍ കുടകില്‍ പല സ്ഥലങ്ങളിലും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. കുശാല്‍നഗര്‍, നപോക്കു, സോമഹര്‍പേട്ട, സുണ്ടികുപ്പ, മദാപ്പൂര്‍ എന്നിവിടങ്ങളില്‍ കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. വീരാജ്‌പേട്ടയില്‍ സംഘടിച്ചുനിന്ന അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. വീരാജ്‌പേട്ടയിലും മടിക്കേരിയിലുമായി ലാത്തിച്ചാര്‍ജില്‍ 50 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

ദക്ഷിണമേഖല ഐ ജി. വി കെ സിംഗ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദ്രുതകര്‍മസേനയുള്‍പ്പെടെ കൂടുതല്‍ പോലീസ് സംഘത്തെ കുടകില്‍ നിയോഗിക്കുമെന്ന് ഐ ജി അറിയിച്ചു. ജില്ലയിലെ മടിക്കേരി, വീരാജ്‌പേട്ട, കുശാല്‍ നഗര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.




Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.