Latest News

ബാബുവിന്റെ തിരോധാനം: കാമുകിയെ നുണ പരിശോധനക്ക് വിധേയയാക്കാന്‍ പോലീസ് നടപടി

കാഞ്ഞങ്ങാട്:[www.malabarflash.com] ഷാര്‍ജയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ട് മംഗലാപുരം വിമാനത്താവളത്തിലെത്തിയ പ്രതിശ്രുതവരനും ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്ന രാവണീശ്വരത്തിനടുത്ത മാക്കി ഭാരതം കുന്നിലെ കണ്ണന്റെ മകന്‍ ബി.വി.ബാബുവിനെ(32)കണ്ടെത്തുന്നതിന് ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഹൊസ്ദുര്‍ഗ് പോലീസിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മെയ് 25ന് രാവിലെ 10.30 മണിയോടെ ഷാര്‍ജയിലേക്ക് തിരിക്കാന്‍ സഹോദരന്‍ ബിനോയ് കണ്ണന്‍ സുഹൃത്ത് ഉണ്ണി എന്നിവരോടൊപ്പം വാഹനത്തില്‍ ബാബു മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടിനകത്തേക്ക് ബാബു കയറിയ ഉടന്‍ ബിനോയിയും ഉണ്ണിയും നാട്ടിലേക്ക് മടങ്ങി.

ബാബു കയറേണ്ടുന്ന വിമാനം ഷാര്‍ജയിലെത്തിയെങ്കിലും ബാബുവിനെ കാണാത്തതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ ഈ വിമാനത്തില്‍ ബാബു ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. അവര്‍ ഉടന്‍ നാട്ടില്‍ വിവരം അറിയിച്ചു. വീട്ടിലേക്ക് ബാബു മടങ്ങിയെത്തിയില്ലെന്നാണ് നാട്ടില്‍ നിന്ന് നല്‍കിയ മറുപടി. വീട്ടുകാര്‍ പലതരത്തിലും അന്വേഷണം നടത്തിയെങ്കിലും ബാബുവിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല.
അവധിക്ക് നാട്ടിലെത്തിയ ബാബുവും നീലേശ്വരത്തെ ഒരു യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്നിരുന്നു.

മെയ് 25നാണ് ബാബു ഗള്‍ഫിലേക്ക് യാത്ര തിരിച്ചത്. ആഗസ്റ്റ് മാസത്തില്‍ കല്യാണം നടത്താമെന്നായിരുന്നു ധാരണ. കല്യാണത്തിന് നാട്ടിലെത്താമെന്ന് പറഞ്ഞാണ് ബാബു ഷാര്‍ജയിലേക്ക് മടങ്ങിയത്.

ബാബുവിന്റെ സഹോദരന്‍ ബിനോയിയുടെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തിയെങ്കിലും ബാബുവിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല.

ബാബു രാവണീശ്വരം സ്വദേശിനിയായ ആരതി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസിന് ലഭിച്ച സൂചന. ഭോപാല്‍, മധുര, എറണാകുളം, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളില്‍ ആരതിയോടൊപ്പം ബാബു കറങ്ങിയതായും പോലീസ് സ്ഥിരീകരിച്ചു.

ഈ സ്ഥലങ്ങളിലൊക്കെ ഹൊസ്ദുര്‍ഗ് പോലീസ് സംഘം അന്വേഷണത്തിന് ചെന്നെങ്കിലും ബാബുവിനെയോ ആരതിയെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ആരതി ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ആരതി ഇപ്പോള്‍ നാട്ടിലാണുള്ളത്. 

ബാബു എവിടെയുണ്ടെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ആരതി തയ്യാറാകാത്തതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം മന്ദഗതിയിലായി.
ഇതിനിടയിലാണ് ബാബുവിന്റെ വീട്ടുകാര്‍ നല്‍കിയ ഹരജിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഹൊസ്ദുര്‍ഗ് പോലീസിനോട് ആവശ്യപ്പെട്ടത്. 

ആരതിയെ ഡിഎന്‍ഏ ടെസ്റ്റിനും നുണ പരിശോധനക്കും വിധേയയാക്കാന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

ഇതുവരെ നടന്ന അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ബുധനാഴ്ച ഹൊസ്ദുര്‍ഗ് പോലീസ് സമര്‍പ്പിക്കും. നേരത്തെ ബാബുവിനെ കണ്ടെത്താന്‍ വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.




Keywords: Kasaragodf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.