Latest News

വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ വീടിനകത്ത് മരിച്ച നിലയില്‍

കാഞ്ഞങ്ങാട്:[www.malabarflash,co,] വീട്ടമ്മയെ വീടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിക്ക് സമീപം തോയമ്മല്‍ കവ്വായി ക്ഷേത്ര പരിസരത്തെ ജാനകി അമ്മ (65) യാണ് മരിച്ചത്. ജാനകിഅമ്മ വീട്ടില്‍ ഒറ്റക്കാണ് താമസം.

ബുധനാഴ്ച മുതല്‍ വീട്ടില്‍ നിന്നും നിര്‍ത്താതെ റേഡിയോ പരിപാടിയുടെ ശബ്ദംകേട്ട് അയല്‍ക്കാര്‍ വന്നുനോക്കിയപ്പോഴാണ് മുറിക്കകത്ത് കമിഴ്ന്ന് കിടക്കുന്നത് കണ്ടത്. തലപൊട്ടി രക്തം ഒഴുകുന്നുണ്ടായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസന്‍, ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായക് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. പരേതനായ രാമചന്ദ്രന്റെ ഭാര്യയാണ് ജാനകി അമ്മ. മകന്‍ ഗിരീഷ് തൃശൂരില്‍ കുടുംബസമേതമാണ് താമസം. നീലേശ്വരത്തെ ട്രഷറിയില്‍ ജോലിചെയ്യുന്ന മകള്‍ ഗീത ഭര്‍ത്താവിന്റെ വീട്ടിലാണ്.

തേങ്ങപറിക്കാനായി ജാനകി അമ്മ ഒരാളെ ഏര്‍പ്പാട് ചെയ്തിരുന്നു. ബുധനാഴ്ച പകല്‍ പതിനൊന്നരമണിക്ക് തേങ്ങ പറിക്കാന്‍ തൊഴിലാളി എത്തി പലതവണ വിളിച്ചെങ്കിലും മറുപടി ഇല്ലായിരുന്നുവത്രെ. അകത്തുനിന്ന് പാട്ട് കേള്‍ക്കുന്നതല്ലാതെ ആരും വിളികേട്ടില്ലത്രെ. അതിനാല്‍ തിരിച്ചുപോയി. വ്യാഴാഴ്ച വീണ്ടും തേങ്ങ പറിക്കാനെത്തിയപ്പോഴാണ് ജാനകി അമ്മയുടെ മരണവിവരം അറിയുന്നത്. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. 

ഒരു അലമാരക്കും കട്ടിലിനും ഇടയില്‍ കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹമുള്ളത്. തലയിടിച്ച് വീണതാകാനും സാധ്യതയുണ്ട്. കവര്‍ച്ചക്കിടയില്‍ കൊല്ലപ്പെട്ടതാണോ എന്ന് സംശയമുള്ളതിനാല്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനക്കെത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.