ദുബൈ:[www.malabarflash.com] സാമ്പത്തിക കുറ്റകൃത്യത്തിന് പൊലീസ് കസ്റ്റഡിയിലായിരുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന് (74) ദുബായ് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു കോടതി വിധി.
എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇരു ഭാഗത്തേയും അഭിഭാഷകര്‍ തയ്യാറായില്ല. വിധി കേള്‍ക്കാന്‍ രാമചന്ദ്രന്റെ ഭാര്യ കോടതിയിലെത്തിയിരുന്നു. ഏറെ നാളായി പൊലീസ് കസ്റ്റഡിയിലുള്ള രാമചന്ദ്രന്‍ കടുത്ത ആരോഗ്യ പ്രശ്‌നവും നേരിടുന്നുണ്ട്.
വായ്പ ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തത്. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബൈയിലുള്ളത്.
ഇതില്‍ ഒന്ന് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കാണ്. യുഎഇ ബാങ്കുകള്‍ക്കു പുറമെ, ദുബൈയില്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍നിന്നും വായ്പയെടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു പ്രശ്‌നമായതെന്നും റിപ്പോര്‍ട്ടുണ്ട്.
വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നു ബാങ്കുകള്‍ രാമചന്ദ്രനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന്, 15 ബാങ്കുകളുടെയും അധികൃതര്‍ യോഗം ചേര്‍ന്ന്, യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് അറ്റ്‌ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
മൂന്നു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അന്‍പതോളം ശാഖകളുണ്ട്; യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍. ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്‌റ്റേറ്റ്, ചലച്ചിത്രനിര്‍മാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment