Latest News

അസ്ഹരി തങ്ങള്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി

വളാഞ്ചേരി:[www.malabarflash.com] പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡണ്ടുമായ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരിക്ക് ആയിരങ്ങളുടെ യാത്രാമൊഴി.

ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കൊളമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് ജനാസ എടുക്കുമ്പോഴും നിലക്കാത്ത ജനപ്രവാഹമായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് പുലര്‍ച്ചെ മുതല്‍ തന്നെ നാടിന്റെ നാനാഭാഗത്തുനിന്നും അനുയായികളും ശിഷ്യഗണങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് കൊളമംഗലത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ്, സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.എല്‍.എമാരായ അബ്ദുസ്സമദ് സമദാനി, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മമ്മുട്ടി, പി. ഉബൈദുല്ല, കെ.ടി ജലീല്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍,

സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍  തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.


ഞായറാഴ്ച പുലര്‍ച്ചെ കുളമംഗലത്തുള്ള വസതിയിലായിരുന്നു അസ്ഹരി തങ്ങളുടെ അന്ത്യം. വാര്‍ധക്യ സഹജമായ രോഗത്താല്‍ ഏറെ നാളായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കുന്ദംകുളത്തിനടുത്ത മരത്തംകോട് സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങളുടെയും ഫാത്തിമത്ത് സുഹ്‌റ പൂക്കുഞ്ഞി ബീവിയുടെയും മകനാണ്.


വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. പഠനം പൂര്‍ത്തിയാക്കിയ ശേഷം തലക്കടത്തൂരില്‍ ദര്‍സ് ആരംഭിച്ചു. പിന്നീട് ദയൂബന്ദിലും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി. അല്‍അസ്ഹറില്‍ നിന്ന് എം.എ ബിരുദം നേടിയ ശേഷം കെയ്‌റോ യൂണിവേഴ്‌സിറ്റിയിലും പഠനം നടത്തി. അറബി സാഹിത്യത്തിലും ചരിത്രത്തിലും അഗാധ പാണ്ഡിത്യമുള്ള അസ്ഹരി തങ്ങള്‍ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.