Latest News

വി.എസ് ഇപ്പോഴും പഴയ തൊഴില്‍ മറന്നിട്ടില്ലെന്ന് വെള്ളാപ്പള്ളി

തളിപ്പറമ്പ്:[www.malabarflash.com] പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്ക് ബനിയനും നിക്കറും നല്‍കുമെന്ന് പറഞ്ഞ അച്യുതാനന്ദന്‍ ഇപ്പോഴും പഴയ തയ്യല്‍ തൊഴില്‍ മറന്നിട്ടില്ലെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. സമത്വ മുന്നേറ്റ യാത്രയ്ക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അച്യുതാനന്ദന്‍ തയ്ക്കുന്ന നിക്കറും ബനിയനും എന്റെ വയറിനു പാകമാവുമൊ എന്നതാണ് സംശയം. അച്യുതാനന്ദന്‍ സമത്വ മുന്നേറ്റ യാത്രയെ വഴിതിരിച്ചുവിടാന്‍ പലതും പറയുകയാണ്. എനിക്കേറെ ബഹുമാനമുള്ള ആളാണ് അദ്ദേഹം. പണ്ട് മാരാരിക്കുളത്ത് വെള്ള അംബാസിഡര്‍ കാറില്‍ വന്ന അച്യുതാനന്ദനൊപ്പം ഞാനും ഭാര്യയും വോട്ടു പിടിക്കാന്‍ പോയിട്ടുണ്ട്. അന്ന് അദ്ദേഹം ജയിച്ചു. പക്ഷെ പാര്‍ട്ടി ജയിച്ചില്ല. അത് കൊണ്ട് മുഖ്യമന്ത്രിയും ആയില്ല. പിന്നീട് പാലക്കാട് മത്സരിച്ചപ്പോള്‍ മകന്‍ തുഷാറും വി.എസിനെ ജയിപ്പിക്കാന്‍ പരിശ്രമിച്ചു. ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രമോഷന് വേണ്ടി വായില്‍ തോന്നുന്നതെല്ലാം ഉപയോഗിച്ച് വെട്ടുകയാണ്. അദ്ദേഹം എന്റെ ബദ്ധശത്രുവിനെ പോലെ ആയിരിക്കുന്നു. മനസ്സില്‍ ഒന്നുമില്ലെങ്കിലും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും.

കോഴയെക്കുറിച്ചാണ് അച്യുതാനന്ദന്‍ പറയുന്നത്. സി.പി.എം എത്ര സ്ഥലങ്ങളില്‍ സ്‌ക്കൂള്‍ നടത്തുന്നു. അവിടെ ഏതെങ്കിലുമൊരു നിയമനം കോഴ വാങ്ങാതെ നടത്തിയതായി പറയാന്‍ സാധിക്കുമോ. എസ്.എന്‍.ഡി.പി.ക്കെതിരെ തിരിയുന്ന ഇവര്‍ എന്തേ എന്‍.എസ്.എസിനെതിരെ ഒന്നും മിണ്ടുന്നില്ല. ഡി.വൈ.എഫ്.ഐ. ഇപ്പോള്‍ മതേതരത്വം നിലനിര്‍ത്താന്‍ എന്ന പേരില്‍ സെക്യുലര്‍ മാര്‍ച്ച് നടത്തുകയാണ്. മുഴുവന്‍ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയാണ് അതില്‍ പ്രചാരണത്തിനായി ഉപയോഗിച്ചത്. എന്തെ ക്രിസ്തുവിന്റെയോ, മുസ്‌ലിം മത ചിഹ്നങ്ങളുടെയോ ചിത്രം ഉപയോഗിക്കുന്നില്ല. നിങ്ങളുടെ ഈ മാര്‍ച്ചിനെ എങ്ങനെ മതേതരത്വം എന്ന് വിളിക്കാനാവും വെള്ളാപ്പള്ളി ചോദിച്ചു.

എസ്.എന്‍.ഡി.പി.പ്രസിഡണ്ട് എം.എന്‍.സോമന്‍ ഉദ്ഘാടനം ചെയ്തു. അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. തുഷാര്‍ വെള്ളാപ്പള്ളി, തുറവൂര്‍ സുരേഷ്, ടി.വി.ബാബു, അഡ്വ.സന്തോഷ് സ്വാമി, വി.വി.ദാസന്‍ പ്രസംഗിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.