Latest News

എന്റെ രക്തത്തിനായി ദാഹിച്ചവര്‍ ഗൂഢാലോചന നടത്തി: കെ.എം. മാണി

തിരുവനന്തപുരം:[www.malabarflash.com] തന്റെ രക്തത്തിനായി ദാഹിച്ചവര്‍ ഗൂഢാലോചന നടത്തുകയും കേസില്‍ കുരുക്കുകയും ചെയ്തതായി കെ.എം. മാണി ആരോപിച്ചു. ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങളെക്കുറിച്ച് അറിയാം. അത് ആരാണെന്നു പറയുന്നില്ല. ഔദ്യോഗിക വസതിയായ പ്രശാന്തില്‍ ബുധനാഴ്ച രാത്രി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴകേസില്‍ നീതി ലഭിക്കേണ്ട സ്ഥാനങ്ങളില്‍ നിന്നു നീതി ലഭിച്ചില്ല. അതിന്റെ പേരില്‍ ആരോടും പകയില്ല. താന്‍ തെറ്റുകാരനല്ല. തന്റെ രക്തത്തിനായി ദാഹിച്ചവരോടും നുണക്കഥകള്‍ മെനഞ്ഞവരോടും കുടുംബത്തെപ്പോലും വേട്ടയാടിയവരോടും പരിഭവമോ പരാതിയോ ഇല്ല. പക്ഷേ രാഷ്ട്രീയത്തില്‍ സൂക്ഷിക്കേണ്ട നൈതികതയെക്കുറിച്ച് ഇവരൊക്കെ ആത്മപരിശോധന നടത്തണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആഗ്രഹിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ പാപഭാരം തന്റെയും കേരള കോണ്‍ഗ്രസിന്റെയും ചുമലില്‍ വയ്ക്കാന്‍ ചിലര്‍ വ്യഗ്രത കാട്ടുകയുണ്ടായി. കേരള കോണ്‍ഗ്രസിന് അടിത്തറയുള്ള സ്ഥലങ്ങളിലെല്ലാം നില കൂടുതല്‍ ശക്തവും ഭദ്രവുമാകുകയും അവിടെയെല്ലാം യുഡിഎഫ് മികച്ച വിജയം നേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണോ ഗൂഢാലോചന നടത്തിയതെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അങ്ങനെ പറയല്ലേയെന്നും എല്ലാവരേയും സമഭാവനയോടെ കൊണ്ടുപോകുന്നയാളാണ് അദ്ദേഹമെന്നും മാണി പറഞ്ഞു. രമേശ് ചെന്നിത്തലയാണോ ഗൂഢാലോചന നടത്തിയതെന്നായി അടുത്ത ചോദ്യം. ഇങ്ങനെ ഓരോരുത്തരെയായി പേരെടുത്തു ചോദിച്ചാല്‍ ഉത്തരം പറയില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജിവച്ചശേഷം, താന്‍ ഉള്‍പ്പെട്ടിരുന്ന മന്ത്രിസഭയിലെ ആരെക്കുറിച്ചും താറടിക്കാനോ കുറ്റപ്പെടുത്താനോ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കുറേ കല്ലേറു നേരിടേണ്ടിവരും. സഹിക്കാന്‍ കഴിയുന്നവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍മതി. ബാര്‍ കോഴകേസില്‍ തനിക്കെതിരേ എഫ്‌ഐആര്‍ എടുക്കരുതായിരുന്നു. അതിന്റെ ആവശ്യമില്ലായിരുന്നു. തന്റെ രക്തത്തിനായി ദാഹിച്ചിരുന്ന ചില വ്യക്തികളുണ്ട്. അതിനായി ശ്രമിച്ച ചില ശക്തികളുണ്ട്. ദൈവം തന്നെ കാത്തുകൊള്ളും.

സംശുദ്ധവും സുതാര്യവുമായ 50 വര്‍ഷത്തെ പ്രവര്‍ത്തനമാണു തന്റെ രാഷ്ട്രീയ ജീവിതം. അതാണു തന്റെ കൈമുതല്‍. എല്ലാം തുറന്ന പുസ്തകമാണ്. ഒന്നും തുറന്നു പറയാത്തതു തന്റെ മാന്യതയാണെന്നു കരുതിയാല്‍ മതി.

തന്റെ പാര്‍ട്ടിയിലെ മറ്റാരെങ്കിലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടില്ല. തോമസ് ഉണ്ണിയാടന്‍ തന്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു രാജിവച്ചതു സ്‌നേഹത്തിന്റെ തീവ്രത കൊണ്ടാണ്. തോമസ് ഉണ്ണിയാടനോടു രാജി വയ്ക്കണമെന്നോ രാജിവയ്‌ക്കേണെ്ടന്നോ ആവശ്യപ്പെട്ടിട്ടില്ല. തന്നോടൊപ്പം മറ്റാരെങ്കിലും രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പി.ജെ. ജോസഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാജി സംബന്ധിച്ച് പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. തന്റെ പാര്‍ട്ടിയില്‍ നിന്നു നീതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

നാലുവര്‍ഷംകൊണ്ട് 123,812 രോഗികള്‍ക്കായി 842.68 കോടി രൂപ കാരുണ്യ പദ്ധതിയിലൂടെ ചികിത്സാ സഹായമായി നല്‍കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇന്ത്യയുടെ ശരാശരിയേക്കാള്‍ ഉയര്‍ന്നതാക്കാന്‍ ധനമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞതായും കെ.എം. മാണി പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.