രാജപുരം:[www.malabarlash.com] ചെത്തിമിനുക്കിയെടുത്ത പാലമരം തോളിലേറ്റി നൂറോളം യുവാക്കള്‍ പൊലിയന്ദ്രം വിളികളും വാദ്യമേളങ്ങളുമായി മൂന്നുകിലോമീറ്ററുകലോളം അകലെ നിന്ന് ക്ഷേത്രപരിസരത്തെത്തി പാലമരം സ്ഥാപിച്ചതോടെ പൊലിയന്ദ്രോത്സത്തിന് തുടക്കമായി.
തുലാമാസ വാവുതൊട്ടുള്ള മൂന്നുദിവസം ഇരിയ പൊടവടുക്കം ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലാണ് പൊലിയന്ദ്രോത്സവം ആഘോഷിക്കുന്നത്. ഒപ്പം ജില്ലയിലെ തുളുഭാഷാ സ്വാധീനമുള്ള പ്രദേശങ്ങളിലും പൊലിയന്ദ്രോത്സവം ആഘോഷിക്കുന്നു. തുളുനാടിന്റെ തിരുവോണമെന്നറിയപ്പെടുന്ന പൊലിയന്ദ്രോത്സവം അസുരരാജാവായിരുന്ന മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ്.
മഹാബലിയെ അരിയിട്ട് വാഴിക്കുന്ന പൊലിയന്ദ്രം എന്ന വാക്കിന് ഐശ്വര്യം എന്നാണര്‍ഥം. ജില്ലയിലെ തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകത്തിലെ കുന്താപുരം വരെ ഈ ആചാരം നടത്തപ്പെടുന്നുണ്ട്.
ഇരിയ പൊടവടുക്കം ധര്‍മ്മ ശാസ്താ ക്ഷേത്രപരിധിയിലെ ഇരിയ ക്ലായി എന്ന സ്ഥലത്തുനിന്നാണ് ഇത്തവണ പാലമരം കണ്ടെത്തിയത്. പന്ത്രണ്ട് കോല്‍ നീളമുള്ള ചെത്തിമിനുക്കിയ ലക്ഷണമൊത്ത പാലമരം ആര്‍പ്പുവിളികളോടെ ക്ഷേത്രപരിസരത്തെ വയലിലെത്തിച്ച് സ്ഥാപിച്ചു.
സന്ധ്യക്ക് പാലമരത്തിനു മുകളിലെ തിരികള്‍ തെളിയിച്ചതോടെ തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം വരെ പൊലിയന്ദ്രം വിളിയുയര്‍ന്നു. ജില്ലയിലെ വടക്കന്‍ പ്രദേശത്തെ വീടുകളില്‍ പൊലിയന്ദ്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടന്‍ പാട്ടും പാടാറുണ്ട്. പാലമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിയെടുത്ത് ചിരട്ടയില്‍ തിരികത്തിച്ചുവെച്ച് അരിയെറിഞ്ഞാണ് മഹാബലി രാജാവിനെ സ്തുതിച്ചുകൊണ്ടുള്ള നാടന്‍ പാട്ട് പാടുന്നത്.
പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും ഇതിനെ കാണുന്നു. മലയാളം വാണ രാജാവിന്റെ ഓര്‍മ്മ പുതുക്കാന്‍ തുളുനാടിന് ലഭിച്ച രണ്ട് ആഘോഷങ്ങളാണ് തിരുവോണവും പൊലിയന്ദ്രോത്സവവും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment