Latest News

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി കല്ലുകള്‍ ഇറക്കി

അയോധ്യ:[www.malabarflash.com] വര്‍ഷങ്ങള്‍ക്കുശേഷം അയോധ്യയിലെ ക്ഷേത്രനിര്‍മാണം വീണ്ടും വാര്‍ത്തകളിലേക്ക്. ക്ഷേത്രം നിര്‍മിക്കുവാന്‍ കഴിഞ്ഞദിവസം ശിലാപൂജ ചെയ്തതിന് പിന്നാലെ രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ഒന്നര വര്‍ഷം കഴിയുന്നതിനിടെയാണ് രാമക്ഷേത്ര നിര്‍മാണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് ക്ഷേത്ര നിര്‍മാണത്തിനായി കല്ലുകള്‍ എത്തിച്ചതെന്നാണ് വി.എച്ച്.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ക്ഷേത്രനിര്‍മാണത്തിനുള്ള സമയമിതാണെന്ന ‘സൂചന’ മോദി സര്‍ക്കാറില്‍നിന്ന് ലഭിച്ചെന്ന് മഹന്ത് നൃത്യാഗോപാല്‍ ദാസ് അവകാശപ്പെട്ടു.

അതേസമയം, പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കെ, കല്ലുകള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവാശിഷ് പാെണ്ഡ വ്യക്തമാക്കി. സ്വകാര്യ സ്ഥലത്താണ് ഇപ്പോള്‍ കല്ലിറക്കിയിട്ടുള്ളതെന്നും സമാധാനമോ മതസൗഹാര്‍ദമോ തകര്‍ക്കുംവിധമുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ പോലീസ് ഇടപെടുമെന്നും ഫൈസാബാദ് സീനിയര്‍ എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് രാമക്ഷേത്രനിര്‍മാണത്തിനും പള്ളി നിര്‍മാണത്തിനും അനുവദിക്കണമെന്ന് 2010ല്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചെങ്കിലും അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി അത് സ്‌റ്റേ ചെയ്തിരിക്കുകയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.