Latest News

11 വര്‍ഷം മുമ്പ് സൗദിയില്‍ കാണാതായ മലയാളി വീട്ടമ്മയെ കണ്ടെത്തി

റിയാദ്:[www.malabarflash.com] പതിറ്റാണ്ടു മുമ്പ് ഭാഗ്യം തേടി കടല്‍കടന്ന ആ വീട്ടമ്മക്കായുള്ള കുടുംബത്തിന്‍െറ കാത്തിരിപ്പ് വെറുതെയായില്ല. ഇത്രയും കാലം തങ്ങളുടെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ ഒരു കുടുംബം തിരുവനന്തപുരം വള്ളക്കടവിലെ ആറ്റുവരമ്പു വീട്ടില്‍ കഴിയുന്നുണ്ടായിരുന്നു.

11 വര്‍ഷത്തെ ‘അജ്ഞാത വാസം’ അവസാനിപ്പിച്ച് അവരുടെ ഉമ്മ വരുകയാണ്. വീട്ടുജോലിക്കായി സൗദിയിലത്തെി 2004 മുതല്‍ കാണാതായ നസീമയെ (50) സൗദിയിലെ ഏതാനും മനുഷ്യസ്നേഹികളുടെ ശ്രമഫലമായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. അല്‍ഖര്‍ജിലെ ദിലം സുലൈമാനിയയില്‍നിന്നാണ് പൊലീസ് സഹായത്തോടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുനീബ് പാഴൂര്‍ തിരിച്ചറിഞ്ഞത്.
ഭര്‍ത്താവ് ഉപേക്ഷിച്ച നസീമ മൂന്ന് പെണ്‍മക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി 2002ലാണ് സൗദിയിലത്തെിയത്. സഹോദരന്‍ നല്‍കിയ വിസയിലാണ് നസീമ റിയാദിലത്തെുന്നത്. 2004ല്‍ നാട്ടില്‍വന്നു തിരിച്ചുപോയതിനുശേഷമാണ് ഇവരെക്കുറിച്ച് വിവരമില്ലാതായത്. സഹോദരീ ഭര്‍ത്താവ് സുധീര്‍ പലതവണ സ്പോണ്‍സറുടെ വീട്ടിലെ നമ്പറിലേക്ക് വിളിച്ചെങ്കിലും നസീമയെ ചോദിച്ചാല്‍ ഫോണ്‍ റിസീവര്‍ പുറത്തുവെച്ച് പോകുമത്രെ. പിന്നീട് ഇത്രയും കാലം ഒരു വിവരവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ എംബസിയില്‍ പലതവണ പരാതി അയച്ചു. മാധ്യമങ്ങളിലൂടെയും അഭ്യര്‍ഥിച്ചു.

എല്ലാം വെറുതെയായി. അന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദിനും നേരിട്ട് നിവേദനം നല്‍കി. ഇക്കാലയളവിനുള്ളില്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നസീമയുടെ മൂന്ന് പെണ്‍മക്കളുടേയും വിവാഹം നടന്നു.
ഇന്ത്യന്‍ എംബസിയില്‍നിന്ന് വിവരമറിഞ്ഞാണ് മുനീബ് നസീമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സ്പോണ്‍സറുടെ വിലാസം ലഭ്യമായിരുന്നില്ല. ഫോണ്‍ നമ്പറും പ്രവര്‍ത്തനരഹിതമായിരുന്നു. അവരുടെ വീടിനെക്കുറിച്ച് ഏകദേശം വിവരം ലഭിച്ചപ്പോള്‍ അല്‍ഖര്‍ജിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. പൊലീസുകാരുടെ അന്വേഷണത്തില്‍ ലഭിച്ച പോസ്റ്റ് ബോക്സ് നമ്പര്‍ വഴിയാണ് വീട് കണ്ടെത്താന്‍ സാധിച്ചത്.
പതിനൊന്ന് വര്‍ഷമായി ശമ്പളമോ മറ്റ് ആനുകൂല്യമോ നല്‍കിയിട്ടില്ല. നാട്ടില്‍ പോകണമെന്ന് പറഞ്ഞാല്‍ സ്പോണ്‍സറുടെ ഭാര്യ മര്‍ദിക്കുമായിരുന്നു.
ഉമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ നസീമയുടെ മക്കള്‍ക്ക് ആദ്യം അത് വിശ്വസിക്കാനായില്ല. പിന്നെ, പൊലീസ് സ്റ്റേഷനില്‍നിന്ന് അവര്‍ നസീമയുമായി സംസാരിച്ചു. അധികം താമസിയാതെ ഉമ്മയെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് മക്കള്‍.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.