Latest News

റാഷിദിന്റെ ഉമ്മ ഇ.ടി.മുഹമ്മദ് ബഷീറിന്റെ മുന്നില്‍ അലമുറയിട്ട് കരഞ്ഞു, മകന്റെ ജയില്‍ മോചനത്തിന്

കാഞ്ഞങ്ങാട്:[www.malabarflash.com] സുഹൃത്തിന്റെ ചതിയില്‍ മയക്കുമരുന്ന് കേസില്‍പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്ന മീനാപ്പീസിലെ റാഷിദിന്റെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും പാര്‍ലിമെന്ററി അംഗവുമായ ഇ.ടി.മുഹമ്മദ് ബഷീറിനെ കണ്ട റാഷിദിന്റെ ഉമ്മ കുഞ്ഞാസ്യ അലമുറയിട്ട് കരഞ്ഞു.


ഹൊസ്ദുര്‍ഗ് കടപ്പുറം മീനാപ്പീസ് ഫ്രണ്ട്‌സ് കാര്‍ഗിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ഖുറാനിലൂടെ ഒരു യാത്ര എന്ന പരിപാടിയുടെ ഞായറാഴ്ച ഉച്ചക്ക് നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ നിര്‍ദ്ധന സ്ത്രീയുടെ കണ്ണുനീരിന് മുന്നില്‍ സ്തബ്ധനായി. 

'മോന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അവനെ ചങ്ങാതി ചതിക്കുകയായിരുന്നു. എല്ലാവര്‍ക്കും ആ സത്യം അറിയാം. എന്റെ മോനെ ജയിലില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണം.'- കുഞ്ഞാസ്യ ഇ.ടി.മുഹമ്മദ് ബഷീറിന്റെ മുന്നില്‍ പൊട്ടി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.
മയക്കുമരുന്ന് കേസില്‍ അഞ്ച് വര്‍ഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കുവൈത്ത് ജയിലില്‍ കഴിയുന്ന റാഷിദിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദമായി ചോദിച്ചറിഞ്ഞ എം.പി. ഇക്കാര്യത്തില്‍ ആവുന്നതൊക്കെ ചെയ്യുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കി. കാര്‍ഗില്‍ നഗറിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ റാഷിദിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
പക്ഷേ തളര്‍ന്നു കിടക്കുന്ന ബാപ്പ അബൂബക്കറും കുഞ്ഞാസ്യയും നല്ല മാനസികാവസ്ഥയിലല്ലെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതോടെ കുഞ്ഞാസ്യയെ വേദിക്കടുത്തെത്തിക്കാന്‍ ഇ.ടി. പ്രാദേശിക നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പ്രവര്‍ത്തകര്‍ കുഞ്ഞാസ്യയെയും കൂട്ടി വേദിക്കരികിലെത്തി. ഈ സമയം ഇ.ടി.പ്രസംഗിക്കുന്നുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞതിന് ശേഷം അദ്ദേഹം ഉടന്‍ വേദിയില്‍ നിന്ന് താഴേക്കിറങ്ങി. ആദ്യം ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുഞ്ഞാസ്യ.
ഒടുവില്‍ തന്റെ മകന് കുവൈത്തില്‍ അനുഭവിക്കേണ്ടി വന്ന ദുര്യോഗത്തെക്കുറിച്ച് അലമുറയിട്ട് ആ മാതാവ് എല്ലാ കാര്യങ്ങളും ഇ.ടി.മുഹമ്മദ് ബഷീറിന്റെ മുന്നില്‍ നിരത്തി വെച്ചു. ഉടന്‍ തന്നെ ഒരു നിവേദനം തയ്യാറാക്കി ഫാക്‌സ് വഴി തനിക്ക് അയച്ചു തരണമെന്നും റാഷിദിന്റെ മോചനത്തിന് വേണ്ടിയുള്ള സകല സഹകരണവും പ്രവര്‍ത്തനവും ഉണ്ടാകുമെന്ന് ഇ.ടി ഉറപ്പ് നല്‍കുകയും ചെയ്തു. ഇ.ടി തിരിച്ചു പോകുന്നതുവരെ ആ വൃദ്ധ മാതാവിന്റെ കരച്ചില്‍ അടങ്ങിയിരുന്നില്ല.
2014 ജൂണ്‍ 25നാണ് അവധി കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന റാഷിദിന്റെ ലഗേജില്‍നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് അടങ്ങിയ പൊതി കണ്ടെടുത്തത്. തുടര്‍ന്ന്, റാഷിദിനെ ആന്റി നാര്‍കോട്ടിക് സെല്ലിന് കൈമാറുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
നേരത്തെ കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ ഇപ്പോള്‍ ഹൈക്കോടതിയും ശരിവെച്ചതോടെ ഇനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുക മാത്രമാണ് റാഷിദിന് മുന്നിലുള്ള ഏക മാര്‍ഗ്ഗം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ റാഷിദിന്റെ മോചനത്തിന് വേണ്ടി കുവൈത്ത് കേന്ദ്രീകരിച്ച് രൂപീകരിച്ച നാട്ടുകാരും പൗര പ്രമുഖരും സുഹൃത്തുക്കളുമടങ്ങുന്ന ആക്ഷന്‍ കമ്മിറ്റിയുടെ യോഗം തിങ്കളാഴ്ച രാത്രി 8.30 മണിക്ക് കുവൈത്ത് എംപയര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.