Latest News

മുസ്തഫ യാത്രയായി; ഒഴിഞ്ഞ വീല്‍ചെയറിന് പിറകില്‍ കണ്ണീരുമായി ആയിഷ



കാസര്‍കോട്:[www.malabarflash.com] ജീവിതവഴിയില്‍ മുസ്തഫയും വീല്‍ചെയറുമായിരുന്നു മുന്നില്‍; പിറകെ ആയിഷയും. ജീവിതം സങ്കടങ്ങളുടെ പെരുമഴക്കാലമായിരുന്നെങ്കിലും മുസ്തഫയോടൊപ്പമുള്ള സഞ്ചാരം ആസ്വദിച്ചു മുന്നേറുകയായിരുന്നു ആയിഷ. മുസ്തഫയുടെ അകാലവിയോഗം അക്ഷരാര്‍ത്ഥത്തില്‍ ആയിഷയെ തളര്‍ത്തിയിരിക്കുന്നു. ഒഴിഞ്ഞ വീല്‍ചെയറിന് പിറകില്‍ കണ്ണീരുമായി ആയിഷ കാത്തിരിക്കുന്നു. ഇനി ജീവിതത്തിന് മുന്നില്‍ ചോദ്യചിഹ്നങ്ങള്‍ മാത്രമാണ്.

ഏര്‍വാടി സ്വദേശിയായ മുസ്തഫ(45) ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലാണ് മരിച്ചത്. ഭാര്യ ആയിഷയോടൊപ്പം ചെറുവത്തൂരില്‍ നിന്ന് കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വര്‍ഷം മുമ്പാണ് ആയിഷയും മുസ്തഫയും വിവാഹിതരായത്. കുട്ടികളില്ല. ബന്ധുക്കളെന്ന് പറയാന്‍ ആരുമില്ല. വികലാംഗനായ മുസ്തഫ വീല്‍ചെയറിലാണ് യാത്ര. സഹായിയായി ആയിഷ നിഴല്‍ പോലെ കൂടെയുണ്ടാവും. 

നാട് വിട്ട് വന്ന ഇരുവരും ചെറുവത്തൂരിലായിരുന്നു പിന്നീട് താമസം. സ്ഥിരതാമസമെന്ന് പറയാനാവില്ല. ഊരുചുറ്റല്‍ എന്ന് തന്നെ പറയാം. ഊരു ചുറ്റലില്‍ സഹായ ഹസ്തവുമായി ചിലര്‍ സമീപിക്കാറുണ്ട്. ജീവിതം മുന്നോട്ട് നീങ്ങിയിരുന്നത് ആ സഹായങ്ങള്‍ കൊണ്ട് തന്നെ.
തങ്ങള്‍ക്ക് മക്കളോ, അടുത്ത ബന്ധുക്കളോ ഇല്ലെന്നും മൃതദേഹം മാലിക് ദീനാറില്‍ മറവ് ചെയ്യണമെന്നും ആയിഷ ആവശ്യപ്പെട്ടത് പ്രകാരം മൃതദേഹം മാലിക് ദീനാര്‍ ഖബര്‍സ്ഥാനില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ഖബറടക്കി.

ഇനി എങ്ങോട്ട് പോകണമെന്നുമറിയില്ല. ചോദിക്കുമ്പോള്‍ കവിളിലൂടെ കണ്ണീര്‍ പുഴയൊഴുകുന്നു. മനസ്സില്‍ സങ്കടക്കടലിരമ്പുന്നു.





Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.