Latest News

വാഹനാപകടം: റഷ്യന്‍ വനിതയും മുനിസിപ്പല്‍ കൗണ്‍സിലറും മരിച്ചു

കൊട്ടാരക്കര:[www.malabarflash.com] എംസി റോഡില്‍ കൊട്ടാരക്കര കലയപുരത്തിനു സമീപം സ്‌കോര്‍പ്പിയോ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരിയായ റഷ്യന്‍ വനിതയും കാര്‍ ഓടിച്ചിരുന്ന പന്തളം നഗരസഭ കൗണ്‍സിലറും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ടു റഷ്യന്‍ വനിതകളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റഷ്യന്‍ വനിത വോല വലോഷിന (46), പന്തളം നഗരസഭാ കണ്‍സിലര്‍ കുരമ്പാല കിഴക്കേപനയ്ക്കല്‍ വീട്ടില്‍ ഉദയചന്ദ്രന്‍ (39) എന്നിവരാണു മരിച്ചത്.

ഇറിന പൊലിയക്കോവാ (43), ദിന മാലിക് (44) എന്നിവരെയാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 7.35 ഓടെ കലയപുരത്തിനും പുത്തൂര്‍മുക്കിനും ഇടയില്‍ സിഎസ്‌ഐ പള്ളിക്കു സമീപമായിരുന്നു അപകടം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പന്തളത്തേക്കു പോവുകയായിരുന്നു കാര്‍ യാത്രികര്‍. എതിര്‍ ദിശയില്‍ പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറി അമിതവേഗത്തിലായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നപ്പോള്‍ കാറില്‍ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. വോല വലോഷിനയും ഉദയചന്ദ്രനും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിലേക്കു മാറ്റുകയായിരുന്നു. പന്തളത്തുണ്ടായിരുന്ന റഷ്യന്‍ സ്വദേശിനി ആശുപത്രിയില്‍ എത്തിയാണ് മരിച്ച വനിതയെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞത്. പന്തളം കുരമ്പാല മുളയ്ക്കല്‍ വടക്കേ ഇല്ലത്ത് എം.എന്‍ ശ്രീജിത്ത് നമ്പൂതിരിയുടെ ഇല്ലത്തു നടത്തുന്ന വിശേഷാല്‍ പൂജകള്‍ക്ക് അതിഥികളായി പങ്കെടുക്കാന്‍ എത്തിയവരായിരുന്നു റഷ്യന്‍ വനിതകള്‍.

ഇവര്‍ റഷ്യയിലെ മോസ്‌കോ സ്വദേശികളാണെന്നാണ് വിവരം. ഇവരെ കൂട്ടിക്കൊണ്ടുവരാനാണ് ഉദയചന്ദ്രനെ കാറില്‍ തിരുവനന്തപുരത്തേക്ക് അയച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും ഇവരെ കൂട്ടിക്കൊണ്ടു വരും വഴിയാണ് അപകടം. ഡ്രൈവര്‍ക്കുണ്ടായ അസൗകര്യം നിമിത്തമാണ് ഉദയചന്ദ്രന്‍ സ്വന്തം കാറുമായി പോകാന്‍ കാരണം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കുരമ്പാല 14-ാം വാര്‍ഡില്‍നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി ഉദയചന്ദ്രന്‍ വിജയിച്ചത്. ബിജെപി പന്തളം നഗരസഭാ കമ്മിറ്റിയുടെ പ്രസിഡന്റുകൂടിയായിരുന്നു ഉദയചന്ദ്രന്‍.

പരേതനായ ചന്ദ്രശേഖരന്‍പിള്ളയും കൃഷ്ണ്ണമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ വിദ്യ. മകള്‍ ഉത്തര (യുകെജി വിദ്യാര്‍ഥിനി). സംസ്‌കാരം രാവിലെ 11ന് നഗരസഭയിലും കുരമ്പാല എല്‍പി സ്‌കൂളിലും പൊതുദര്‍ശനത്തിനുശേഷം രണ്ടിനു വീട്ടുവളപ്പില്‍. മരിച്ച റഷ്യന്‍ വനിതയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരുടെയും മരിച്ച റഷ്യന്‍ വനിതയുടേയും കാര്യത്തില്‍ തിരുവനന്തപുരത്തുള്ള റഷ്യന്‍ കോണ്‍സുലേറ്റ് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.