Latest News

അഴിമതി മറച്ചുവെയ്‌ക്കാന്‍ വലിയ നീക്കം നടക്കുന്നു: പിണറായി

കാസര്‍കോട്:[www.malabarflash.com] സംസ്ഥാനത്ത് അഴിമതി മറച്ചുവെയ്‌ക്കാന്‍ വലിയ നീക്കങ്ങള്‍ നടക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. അഴിമതി മൂടിവെയ്‌ക്കാനായി സര്‍ക്കാര്‍ ആകെ നേതൃത്വം കൊടുക്കുകയാണിവിടെയെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സോളര്‍ കേസില്‍ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയവ പുറത്തുവന്ന കാര്യങ്ങളെ സ്ഥിരീകരിക്കുന്നതാണ്. 13 വിഐപിമാരുടെ പേരുകള്‍ കത്തിലുണ്ടെന്ന് പറയുന്നു. എന്നാല്‍ കൂടുതലൊന്നും വ്യക്തമാക്കാനാകാത്ത സ്ഥിതിയിലാണ് മുന്‍ ഡിജിപിയടക്കം. അഴിമതിക്കായി ഉദ്യോഗസ്ഥരെ വലിയ സമ്മര്‍ദ്ദത്തിലാഴ്‌ത്തുകയാണ് സര്‍ക്കാര്‍ .

സിപിഐ എം നടത്തിയ കേരള പഠന കോണ്‍ഗ്രസിനെ കുറിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലേഖനം അവ ഉന്നയിച്ച വിഷയങ്ങളെ കുറിച്ചല്ല, മറിച്ച് കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതല്ലല്ലോ വേണ്ടത്. സിപിഐ എം ഉന്നയിച്ച കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കുകയല്ലേ വേണ്ടത്. അല്ലാതെ ഐ ടി വികസനത്തെ കുറിച്ച് പറയുമ്പോള്‍ പണ്ട് സിപിഐ എം കമ്പ്യൂട്ടറിനെതിരായിരുന്നു എന്ന് പറയുകയല്ലോ വേണ്ടത്. 

 അക്കാലത്ത് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ ചില ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ സമരം അന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് നായനാര്‍ സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായിത്തന്നെ ടെക്‌നോ പാര്‍ക് സ്ഥാപിക്കുന്നത്.എന്തേ അതിന് തുടര്‍ച്ചയുണ്ടാകാതിരിക്കുന്നത്. കര്‍ണാടകയും തമിഴ്‌നാടും ഐ ടി വികസനത്തില്‍ കുതിച്ചുയരുമ്പോള്‍ കേരളം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടാണ്.അതും നിരവധി അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ തൊഴിലില്ലാതെ നില്‍ക്കുമ്പോള്‍. ഇവിടെ പശ്ചാത്തല സൌകര്യമൊരുക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ മടിക്കുന്നതാണ് ഐ ടിയുടെ ഭാവി വികസനത്തെ തടയുന്നത്. അത്തരം കാര്യങ്ങള്‍ മാറണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. അതിന് മറുപടി പറയാന്‍ സാധിക്കാത്ത ഉമ്മന്‍ചാണ്ടിയുടെ നില പരിതാപകരമണ്.

നവകേരള മാര്‍ച്ച് ഈവന്റ് മാനേജ്‌മെ‌ന്റാണ് നടത്തുന്നതെന്നുള്ള സുധീരന്റെ അഭിപ്രായത്തിന് മറുപടി പറയേണ്ട കാര്യമില്ല. വെളളിയാഴ്ച ഉപ്പളയിലെ ഉദ്ഘാടനവും കാസര്‍കോട്ടെ പരിപാടിയും കണ്ട നാട്ടുകാര്‍ക്കറിയാം മാര്‍ച്ച് ആരാണ് നടത്തുന്നതെന്ന്. പക്ഷെ സിപിഐ എം മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ അങ്കലാപ്പ് ഉയര്‍ന്നിട്ടുണ്ടെന്നുള്ളത് നേരാണ്.

ജെഡിയു മുന്‍പ് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. അവര്‍ എല്‍ഡിഎഫിലേക്ക് വരുന്നതിന് തടസമൊന്നുമില്ല. യുഡിഎഫില്‍ തുടരുന്നതാണ് ഏക തടസം. ആ ബന്ധം ഉപേക്ഷിക്കാന്‍ തയാറായാല്‍ അവരെ സഹകരിപ്പിക്കുമെന്നും പിണറായി പറഞ്ഞു.

മതനിരപേക്ഷതക്കുവേണ്ടി പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അടുക്കളയില്‍ മാത്രമല്ല;വഴി നടക്കുമ്പോള്‍ പോലും ബാഗില്‍ ബീഫ് തിരയുന്നിടത്തേക്ക് സംഘപരിവാറുകാര്‍ എത്തിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ മതനിരപേക്ഷ ബോധം വളര്‍ന്നുവരണം. കേരളത്തിന്റെ മരനിരപേക്ഷ മനസിനെ കീഴടക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ചെറുത്ത് തോപ്പിക്കാനാകണം. ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്കയില്ല. മതനിരപേക്ഷതക്ക് പേറലേല്‍ക്കുന്നതാണ് ആശങ്ക.

ഭരണ തുടര്‍ച്ച പോയിട്ട് യുഡിഎഫ് നിലവിലുള്ള വിധം ഉണ്ടാകുമോയെന്ന് തന്നെ സംശയമാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി പിണറായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വലിയ വിഷയമായി ഉയര്‍ന്നപ്പോള്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ നടപടി എടുത്തിരുന്നു. ചികില്‍സയും പെന്‍ഷനുകളും മറ്റും ഏര്‍പ്പെടുത്തിയിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ അതിനും തുടര്‍ച്ചയുണ്ടായില്ല. പെന്‍ഷനുകള്‍ വരെ മുടങ്ങികിടക്കുകയാണെന്നും പിണറായി പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.