Latest News

കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ തട്ടിപ്പിന് ശ്രമിച്ചവര്‍ കണ്ണൂരിലെ ജ്വല്ലറിയില്‍ കുടുങ്ങി

കണ്ണൂര്‍:[www.malabarflash.com] അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുപയോഗിച്ച് കോട്ടച്ചേരിയിലെ മിനാര്‍ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ സംഘം ഇതേരീതിയില്‍ കണ്ണൂരിലെ മലബാര്‍ ജ്വല്ലറിയിലും തട്ടിപ്പിന് ശ്രമിച്ചു.

സംഘത്തിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശികളായ നാല് യുവാക്കളില്‍ ഒരാള്‍ കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി. ഡിസംബര്‍ 25ന് ക്രിസ്തുമസ് ദിനത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തവിധം ഉള്ള തട്ടിപ്പുനടത്താന്‍ മിനാര്‍ ജ്വല്ലറിയിലെത്തിയ രണ്ട് ചെറുപ്പക്കാര്‍ തങ്ങള്‍ പിടിയിലാകുമെന്ന് മനസ്സിലാക്കിയതോടെ ഇവിടെനിന്ന് രക്ഷപ്പെടുകായായിരുന്നു.

മിനാര്‍ ജ്വല്ലറിയില്‍ വൈകിട്ടെത്തിയ 22 ഉം 24 ഉം വയസ് പ്രായം തോന്നിക്കുന്ന രണ്ടുപേര്‍ ഏതാണ്ട് 1 ലക്ഷം രൂപയുടെ സ്വര്‍ണ്ണം വാങ്ങുകയും ബില്ല് നല്‍കിയപ്പോള്‍ പണത്തിന് പകരം അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡാണ് നല്‍കിയത്. ഈ കാര്‍ഡ് അബുദാബിയിലുള്ള അമേരിക്കന്‍ വംശജന്റെ വ്യാജപേരില്‍ നിര്‍മ്മിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. അബുദാബി എഡിസിബി ബേങ്കിന്റെ മേല്‍വിലാസത്തിലായിരുന്നു ഡെബിറ്റ് കാര്‍ഡ്. ഡെബിറ്റ് കാര്‍ഡ് നല്‍കിയപ്പോള്‍ ജ്വല്ലറി ഉടമ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ സംഘത്തില്‍ ഒരാള്‍ തന്റെ പാസ്‌പോര്‍ട്ടിന്റെ കോപ്പി നല്‍കുകയും ചെയ്തു.

ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോള്‍ ജ്വല്ലറി എക്കൗണ്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. സമാനരീതിയിലുള്ള തട്ടിപ്പ് ശ്രമമാണ് കണ്ണൂര്‍ മലബാര്‍ ജ്വല്ലറിയില്‍ നടന്നത്. 

കാസര്‍കോട് മൂളിയാറിലെ മൂലടക്കം വീട്ടില്‍ അബ്ബാസിന്റെ(23) നേതൃത്വത്തില്‍ എത്തിയ നാലംഗസംഘം മലബാര്‍ ജ്വല്ലറിയിലെത്തി മറ്റൊരാളിന്റെ ഡെബിറ്റ് കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ജ്വല്ലറി ജീവനക്കാര്‍ അബ്ബാസിനെ കൈയ്യോടെ പിടികൂടി പോലീസിന് കൈമാറി. 

സംഘത്തില്‍പ്പെട്ട മറ്റ് മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ടൗണ്‍ എസ്‌ഐ വി പി സിബീഷ് പറഞ്ഞു. കണ്ണൂര്‍ മലബാര്‍ ജ്വല്ലറിയിലെത്തിയ സംഘം മൂന്നരപവന്റെ വള വാങ്ങിയശേഷം ഒരു അന്താരാഷ്ട്ര ബേങ്കിന്റെ ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോള്‍ കാര്‍ഡ് ആക്റ്റീവാകുന്നില്ലെന്ന് കണ്ടെത്തി.

ഇതിനിടയില്‍ മറ്റൊരു ജ്വല്ലറിയില്‍ ഇതുപോലെ തട്ടിപ്പ് നടന്നതായി മലബാര്‍ ജ്വല്ലറിയിലേക്ക് വിവരം ലഭിച്ചു. ജീവനക്കാര്‍ പരസ്പരം സംസാരിക്കുന്നതില്‍ അപകടം മണത്തറിഞ്ഞ സംഘത്തില്‍പ്പെട്ട ഒരു യുവാവ് കാര്‍ഡ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് മറ്റൊരു യുവാവ് ഡെബിറ്റ് കര്‍ഡുമായി എത്തി. ഇയാളും അതേ ബേങ്കിന്റെ കാര്‍ഡ് നല്‍കിയപ്പോള്‍ ജീവനക്കാര്‍ ഇയാളെ മാനേജറുടെ ക്യാബിനിലേക്ക് കൂട്ടികൊണ്ടുപോയി ചോദ്യം ചെയ്തതോടെയാണ് ഡെബിറ്റ് കാര്‍ഡ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. 

കണ്ണൂര്‍ ബേങ്ക് റോഡിലെ മഹാറാണി ജ്വല്ലറിയില്‍ നിന്നും സംഘം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങിയിരുന്നു. പിടിയിലായ യുവാവിനെ പോലീസ് ചോദ്യംചെയ്ത് വരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.