Latest News

എന്‍ഫോഴ്‌സ്‌മെന്റ് ചമഞ്ഞ് സ്വര്‍ണ കവര്‍ച്ച; ആറംഗ സംഘം പിടിയില്‍

കോഴിക്കോട്:[www.malabarflash.com] എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്ന കേസിലെ ആറംഗ സംഘം പിടിയിലായി.

കോഴിക്കോട് മായനാട് പുത്തന്‍പുരയില്‍ റഫീഖ്(42) മുന്‍ ജ്വല്ലറി ജീവനക്കരനും കാപ്പാട് വെള്ളരിക്കുണ്ട് കാര്യംകടവത്ത് പി.ടി. റഷീദ്(28), കല്ലായി ചക്കുംകടവ് ചമ്മങ്ങണ്ടി പറമ്പ് ലാലു എന്ന മര്‍ഷിദലി(27), മാഹി പന്തക്കല്‍ ചൈതന്യ ഹൗസില്‍ നിഷാന്ത്(31), വയനാട് മുട്ടില്‍ കുഴക്കുമേത്തല്‍ ബഷീര്‍(41) കോഴിക്കോട് നല്ലളം കീഴില്ലത്ത് മുബാറക്ക്(31) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒക്‌ടോബര്‍ 26-ന് ജ്വല്ലറി ജീവനക്കാരനായ ദിജിനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ കവര്‍ച്ചാസംഘം തട്ടികൊണ്ടുപോവുകയായിരുന്നു. 1.130 കിലോ സ്വര്‍ണ്ണമാണ് കവര്‍ന്നത്. ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയുടെ സഹോദര സ്ഥാപനമായ പി.വി.എം. ആസെ സെന്ററിലെ ജീവനക്കാരനായ ദിജിന്‍ സ്വര്‍ണ്ണം ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച ശേഷം ജ്വല്ലറിയിലേക്ക് കൊണ്ടു വരുന്നതിനിടയായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അഞ്ചു വര്‍ഷം മുമ്പ് ആലുക്കാസ് ജ്വല്ലറിയില്‍നിന്നു പിരിഞ്ഞ റഷീദാണ് സംഭവത്തിന്റെ സൂത്രധാരന്‍. ദിജിനും റഷീദും കണ്ണൂര്‍ ആലുക്കാസില്‍ ഒരുമിച്ച് ജോലിചെയ്തവരാണ്. ദിജിനാണ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണം ജ്വല്ലറിയിലേക്ക് കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കിയ റഷീദ് വിവരം റഫീഖിനെ അറിയിച്ചു. ഗള്‍ഫില്‍ തന്റെ കൂടെ ഉണ്ടായിരുന്ന മര്‍ഷിദലിയെയും നിഷാന്തിനേയും വിളിക്കുകയും മര്‍ഷിദിലിയുടെ സുഹൃത്തായ മുബാറക്കിനെയും റാഷിദിന്റെ സുഹൃത്തായ ബഷീറിനെയും ചേര്‍ത്ത് റഫീഖ് സംഘത്തെ ഉണ്ടാക്കി. ബോസ് എന്നാണ് ഇവരെല്ലാം റഫീഖിനെ വിളിക്കുന്നത്.

ദിജിന്‍ സ്വര്‍ണ്ണവുമായി വരുമ്പോള്‍ പാളയത്തുവെച്ച് ബഷീറും നിഷാന്തും വണ്ടി നിര്‍ത്തിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞ് ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റി സ്വര്‍ണ്ണവുമായി കടന്നു. അരമണിക്കൂറോളം നഗരത്തിലൂടെ ചുറ്റി കറങ്ങിയ ശേഷം മെഡിക്കല്‍ കോളേജിനു സമീപത്തെ ദേവഗിരി സേവിയോ എല്‍.പി. സ്‌കൂളിനു മുന്നില്‍ ദിജിനെ തള്ളിയിറക്കിയ ശേഷം ഒാടിച്ചുപോയി.

റഫീഖ് സ്വര്‍ണ്ണം ഉരുക്കി ജ്വല്ലറിയില്‍ വില്‍ക്കുകയും എല്ലാവര്‍ക്കും വിഹിതം കൊടുക്കുകയും ചെയ്തു. പിന്നീട് മുബാറക്കും റഫീഖും ബഷീറും ഗള്‍ഫിലേക്ക് പോയി. സംഭവം നടന്നശേഷം സ്‌പെഷല്‍ സ്‌ക്വാഡ് കോഴിക്കോട് മലപ്പും,കണ്ണൂര്‍, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഗ്രേകളറുള്ള ഇന്നോവ കാറുകളെ പറ്റിയും, കാറുകള്‍ റെന്റ് കൊടുക്കുന്ന ആളുകളെ പറ്റിയും അന്വേഷിച്ചു. നഗരത്തിലെ പോലീസ് കാമറകള്‍ നിരീക്ഷിച്ചും നഗരത്തില്‍ സംഭവത്തിന്റെ ആഴ്ചയില്‍ ലോഡ്ജുകളില്‍ റൂമെടുത്തവരെപറ്റിയും അന്വേഷിച്ചു.

നീണ്ട അന്വേഷണത്തിനൊടുവില്‍ റഫീഖിനെ റഷീദ് ബന്ധപ്പെട്ടതായി കണ്ടെത്തിയതാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കാര്‍ പോണ്ടിച്ചേരിയില്‍നിന്നു വാടകയ്ക്ക് എടുത്തതാണെന്നും സ്വര്‍ണം കോട്ടയം, മുംബൈ എന്നിവിടങ്ങളില്‍ വില്‍പന നടത്തിയിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചു. സംഘത്തലവന്‍ റഫീഖ് മുമ്പ് ഹവാല കേസില്‍ കോയമ്പത്തൂര്‍, വിയ്യൂര്‍ ജയിലുകളില്‍ അഞ്ചു വര്‍ഷം ശിക്ഷ അനുഭവിച്ച ആളാണ്. മര്‍ഷിദലിയുടെയും മുബാറക്കിന്റെയും പേരിലും കേസുകളുണ്ട്.

കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സൗത്ത് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കസബ സി.ഐ. ഇ. സുനില്‍കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തില്‍ ഷാഡോ പോലീസും സൈബര്‍ സെല്ലും സഹായത്തിനുണ്ടായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.