Latest News

ടോള്‍ ബൂത്ത് അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി

തൃശൂര്‍:[www.malabarflash.com] കാര്‍യാത്രക്കാരെ അപമാനിക്കുകയും, പാലിയേക്കര ടോള്‍ കമ്പനിക്ക് അനുകൂല നിലപാടെടുക്കുകയും ചെയ്ത ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രനെ കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റിലേക്കു സ്ഥലംമാറ്റി.

പകരം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. സാജുവിനെ ചാലക്കുടി ഡിവൈഎസ്പിയായി നിയമിച്ചു. ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് ഡിവൈഎസ്പിയെ സ്ഥലംമാറ്റിയത്.
വ്യാഴാഴ്ച രാത്രി പത്തിനു സമാന്തരപാതയിലൂടെ കാറില്‍ സഞ്ചരിച്ചിരുന്ന കൊച്ചി ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ ഹരിറാമിനെയും കുടുംബത്തെയും മഫ്ടിയിലെത്തിയ ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്‍ തടഞ്ഞുനിര്‍ത്തുകയും പഞ്ചായത്ത് റോഡ് പ്രദേശവാസികളുടേതാണെന്നും മറ്റുള്ളവര്‍ ടോള്‍ നല്‍കി യാത്ര ചെയ്യണമെന്നും ഉപദേശിക്കുകയും ചെയ്യുകയായിരുന്നു. 

ഹരിറാമിനോടു രേഖകള്‍ നല്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ആര്‍സി ബുക്ക് അടക്കമുള്ളവയുടെ പകര്‍പ്പ് കാണിച്ചുകൊടുത്തു. ഒറിജിനല്‍ 10 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയെന്നു നിയമമുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, രേഖകള്‍ ബലമായി പിടിച്ചുവാങ്ങി ഓഫീസിലെത്താന്‍ നിര്‍ദേശിച്ചു. ഇത് എഴുതി നല്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയോടും രണ്ടരവയസുള്ള കുഞ്ഞിനോടുമൊപ്പം സമരം ചെയ്യാനായിരുന്നു ഡിവൈഎസ്പിയുടെ ഉപദേശം.

വഴിയില്‍ തടഞ്ഞുനിര്‍ത്തി രേഖകളെടുക്കുന്നതും സമരം ചെയ്യാന്‍ ഉപദേശിക്കുന്നതുമടക്കമുള്ള ഡിവൈഎസ്പിയുടെ ശബ്ദമടക്കമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതു സമൂഹമാധ്യമങ്ങള്‍വഴി പ്രചരിക്കുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെയാണ് വിവാദമായത്. ഡിവൈഎസ്പിക്ക് വീഴ്ച സംഭവിച്ചുവെന്നും ടോള്‍ കമ്പനിക്ക് അനുകൂലമാണ് പോലീസെന്ന ധാരണ പൊതുസമൂഹത്തിനു മുന്നിലുണ്ടാക്കിയെന്നും കാണിച്ച് തൃശൂര്‍ റൂറല്‍ എസ്പി കെ. കാര്‍ത്തിക് റേഞ്ച് ഐജി. ആര്‍.അജിത് കുമാറിനു കഴിഞ്ഞദിവസം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്പിയുടെ റിപ്പോര്‍ട്ടിലും ഡിവൈഎസ്പിക്കെതിരെ നടപടി ശിപാര്‍ശ ചെയ്തിരുന്നു.
സംഭവം വിവാദമായ അന്നുതന്നെ രാത്രിയില്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ശ്രമം നടന്നില്ല. അടുത്തദിവസം സംഭവത്തിലുള്ള പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട് എസ്പി സമര്‍പ്പിക്കാനിരിക്കെയാണ് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നേരിട്ട് നടപടിയെടുത്തിരിക്കുന്നത്. 

എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടോള്‍പ്ലാസയില്‍ വാഹന പാസ് ലഭിക്കുന്നതിനു കാലതാമസം നേരിടുന്നുവെന്നു പരാതിപ്പെട്ടയാളെ ഓഫീസില്‍ വിളിച്ചുവരുത്തി പുതുക്കാട് സിഐ ഭീഷണിപ്പെടുത്തിയ സംഭവത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ടോള്‍ കമ്പനിക്ക് അനുകൂലമാണ് പോലീസിന്റെ നടപടികളെന്നു നേരത്തെ പരാതികളുയര്‍ന്നിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.