Latest News

ഫഹദ് വധം: കുറ്റപത്രം വിചാരണക്കോടതിക്ക് കൈമാറി

കാഞ്ഞങ്ങാട്:[www.malabarflash.com] സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന എട്ടുവയസ്സുകാരനെ മൃഗീയമായി തലക്ക് വെട്ടിക്കൊന്ന കേസിന്റെ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി.

അമ്പലത്തറക്കടുത്ത കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകനും കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയുമായ ഫഹദ്(8) വെട്ടേറ്റ് മരിച്ചത് പോയ വര്‍ഷം ജുലായ് 9 ന് വ്യാഴാഴ്ച രാവിലെ എട്ടര മണിയോടെയാണ്.

രാവിലെ പതിവ് പോലെ ഇതേ സ്‌കൂളിലെ എട്ടാംതരത്തില്‍ പഠിക്കുന്ന സഹോദരി ഷഹലയോടും അയല്‍വാസിയായ കൂട്ടുകാരനോടുമൊപ്പം സ്‌കൂളിലേക്ക് നടന്ന് നീങ്ങുന്നതിനിടയില്‍ ഫഹദിനെ റോഡരികില്‍ കാട് വെട്ടാനെന്ന വ്യാജേന നില്‍ക്കുകയായിരുന്ന അയല്‍വാസി വലിയ വീട്ടില്‍ വിജയന്‍ ചാടി വീണ് ഫഹദിന്റെ തലക്ക് വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
ഫഹദ് റോഡില്‍ തന്നെ മരിച്ച് വീണു. സംഭവത്തിന് ശേഷം മുങ്ങാനുള്ള ശ്രമത്തിനിടയില്‍ മണിക്കൂറുകള്‍ക്കകം നാട്ടുകാര്‍ കൊലയാളിയെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായി കാലിന് നടക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടിരുന്ന ഫഹദ് പിറകിലും സഹോദരിയും സുഹൃത്തും കുറച്ച് മുന്നിലുമായാണ് നടന്ന് നീങ്ങിയത്. റോഡരികില്‍ പ്രതി വിജയന്‍ നില്‍ക്കുന്നത് ഇവര്‍ കണ്ടിരുന്നെങ്കിലും നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അയാളെന്ന് കുട്ടികള്‍ സംശയിച്ചില്ല.

പൊടുന്നനെയാണ് റോഡരികില്‍ നിന്ന് ചാടി വീണ വിജയന്റെ വെട്ടേറ്റ് ഫഹദ് പൊട്ടിക്കരഞ്ഞ് റോഡിലേക്ക് മറിഞ്ഞു വീഴുമ്പോള്‍ ഒച്ച കേട്ട് സഹോദരിയും ഫഹദിന്റെ സുഹൃത്തും തിരിഞ്ഞ് നോക്കിയപ്പോള്‍ അവരുടെ നേര്‍ക്കും കത്തി വീശി കൊലയാളി കുട്ടികളെ വിരട്ടിയോടിച്ചു.
തുടര്‍ന്ന് അവിടെ നിന്ന് ഓടിയ കുട്ടികള്‍ അല്‍പ്പം അകലെയെത്തി പരിസരവാസികളോട് വിവരം പറഞ്ഞതോടെ ജനങ്ങള്‍ സംഭവ സ്ഥലത്ത് ഒഴുകിയെത്തി. വിജയന്‍ അറസ്റ്റിലാവുകയും പിന്നീട് കോടതി യുവാവിനെ റിമാന്റിനയക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വിജയന്‍ ഇതുവരെ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടില്ല.

സംഭവം നടന്ന് 90 ദിവസത്തിനകം അന്വേഷണ സംഘം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ വിജയന് ജാമ്യം ലഭിക്കാനുള്ള വാതില്‍ കൊട്ടിയടക്കപ്പെട്ടു. ഇനി വിചാരണ നടപടികളും വിധി പ്രഖ്യാപനവും പൂര്‍ത്തിയായാലെ വിജയന്‍ രക്ഷപ്പെടുമോ ഇല്ലയോ എന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ. തടവ് വിചാരണയാണ് വിജയന്‍ നേരിടേണ്ടുന്നത്.

ഹൊസ്ദുര്‍ഗ് കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം വിചാരണ നടപടികള്‍ക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി സാക്ഷികള്‍ക്ക് സമന്‍സുകള്‍ അയച്ച് ജില്ലാ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കും. പിന്നീട് വിധി പ്രസ്താവം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.