Latest News

ഇഖ്ബാല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ കൈമാറ്റം 28ന്; വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പ്രഖ്യാപനം നടത്തും

കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ററി സ്കൂളും 3.59 ഏക്കര്‍ ഭൂമിയും മുഴുവന്‍ ആസ്തികളും ഉള്‍പ്പെടെ സ്ഥാപനം പൂര്‍ണ്ണമായും ജനുവരി 28ന് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയ്ക്ക് കൈമാറും.

വഖഫ് നിയമ പ്രകാരം നടക്കുന്ന കൈമാറ്റച്ചടങ്ങില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ വഖഫ് പ്രഖ്യാപനം നടത്തും. യതീംഖാന മുഖ്യ ഉപദേഷ്ടാവ് കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റ് വാങ്ങും.

28ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇക്ബാല്‍ സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന കൈമാറ്റ ചടങ്ങ് ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ നടന്ന് വരുന്നതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമാനതകളില്ലാത്ത കൈമാറ്റ സന്ദേശം വിളംബരം ചെയ്ത് കൊണ്ടുള്ള വര്‍ണ്ണപ്പകിട്ടാര്‍ന്ന റാലിയ്ക്ക് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരം ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. 

മൂവായിരം പേര്‍ക്കിരിക്കാനുള്ള പന്തലും വിശാലമായ വേദിയുമാണ് ഇഖ്ബാല്‍ മൈതാനിയില്‍ ഒരുക്കുന്നത്. യതീംഖാന പ്രസിഡന്‍റ് എ.ഹമീദ്ഹാജി അദ്ധ്യക്ഷത വഹിക്കും. നിലവിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ.അബ്ദുല്‍ഹഫീസ്, ഡോ.മുഹമ്മദ് അഫ്സല്‍, എം.ബി.എം.അഷറഫ്, എം.ബി.എം.അബ്ദുള്‍ ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് രേഖകള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന് കൈമാറും.

എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്, കെ.കുഞ്ഞിരാമന്‍ ഉദുമ, എന്‍.എ.നെല്ലിക്കുന്ന് കാസര്‍കോട്, പി.ബി.അബ്ദുറസാക്ക് മഞ്ചേശ്വരം, കെ.കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ.ഖാദര്‍ മാങ്ങാട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി.ബഷീര്‍, നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ദാമോദരന്‍, ഹയര്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ.എന്‍.സതീഷ്, വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍, സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് മെട്രോ മുഹമ്മദ്ഹാജി, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുള്ള, സി.ടി.അഹമ്മദലി എന്നിവരും രാഷ്ട്രീയകക്ഷി നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

5 മുതല്‍ 12 വരെ ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇക്ബാല്‍ സ്കൂളില്‍ അധ്യാപകേതരുള്‍പ്പെടെ നൂറിലേറെ ജീവനക്കാരുണ്ട്. മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയ 1967-ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് 1968ല്‍ അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്കൂള്‍ അനുവദിച്ചത്. 91ല്‍ കെ.ചന്ദ്രശേഖരന്‍ വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ ഇഖ്ബാലിനെ ഹയര്‍സെക്കന്‍ററിയായി ഉയര്‍ത്തി. 

 സ്ഥാപകരായിരുന്ന ഡോ.എം.എഅഹ്മദ്, എം.ബി.മൂസഹാജി എന്നിവരുടെ നിര്യാണത്തിന് ശേഷം ഇരുവരുടെയും മക്കളായ ഡോ.അബ്ദുല്‍ ഹഫീസ്, എം.ബി.എം.അഷ്റഫ്, ഡോ.മുഹമ്മദ് അഫ്സല്‍, എം.ബി.എം.അബ്ദുല്‍ ബഷീര്‍ എന്നിവരുള്‍പ്പെട്ട സര്‍ മുഹമ്മദ് ഇക്ബാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റാണ് സ്കൂള്‍ നടത്തി വരുന്നത്. ഹൃദയവിശാലതയുടെ അടയാളമായ കൈമാറ്റ ചടങ്ങിന് 28ന് നാട് സാക്ഷ്യം വഹിക്കും.

യതീംഖാന പ്രസിഡന്‍റ് എ.ഹമീദ്ഹാജി, സംഘാടക സമിതി ചെയര്‍മാന്‍ എം.ബി.എം.അഷറഫ്, ഡോ.അബ്ദുല്‍ ഹഫീസ്, യതീംഖാന ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തുഹാജി, സി.യൂസഫ്ഹാജി, പ്രചാരണ സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് അസ്ലം, കണ്‍വീനര്‍ എം,ബി.ഹനീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.